സൗദി സ്വദേശിവത്കരണം ടൂറിസം ഫണ്ട് വിനിയോഗത്തിലും

റിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ ടൂറിസം പദ്ധതികളുടെ വിഹിതവും രാജ്യത്തിനകത്തേക്ക്. രാജ്യത്തെ പ്രമുഖ ടൂറിസം സ്ഥാപനമായ റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി (ടി.ആര്‍.എസ്.ഡി.സി)കരാറില്‍ ഏര്‍പ്പെട്ട 14.87 കോടി രൂപയില്‍ 70 ശതമാനത്തിന്റെയും ചുമതല സൗദി സ്ഥാപനങ്ങള്‍ക്കാണ്. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ തുടക്കമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
സൗദി അറേബ്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ടിആര്‍എസ്ഡിസിക്ക് നിര്‍ണായക സ്ഥാനമുണ്ട്. വിഷന്‍ 2030 പദ്ധതിയില്‍ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ അധികവും ടിആര്‍എസ്ഡിസി വഴിയാണ്.
അതേസമയം 24 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് 500ലധികം കരാറുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പദ്ധതി പ്രദേശവുമായി ബന്ധപ്പെടുത്തുന്ന ഗതാഗതസംവിധാനത്തില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കൊണ്ട് 80 കിലോമീറ്റര്‍ റോഡുകളും ഹൈവേകളും ജംഗ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഷുറൈറ ദ്വീപിന് ഇടയില്‍ ഒരു പ്രധാന ക്രോസിംഗ് നിര്‍മ്മിക്കുന്നതടക്കം നിരവധി ജെട്ടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.