കോവിഡ് വർധന; സൗദിയിൽ ആരോഗ്യ മുന്നറിയിപ്പ്

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനതോത് രൂക്ഷമായിരിക്കുകയാണെന്നും ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രണനിർദേശങ്ങൾ പാലിക്കാത്തതുമാണ് ഇതിനു പ്രധാന കാരണമെന്നും ആരോഗ്യമന്ത്രി ത്വഫീഖ് അൽ റബിയ പറഞ്ഞു. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും. കോവിഡിനെതിരേ ഇതുവരെ നടത്തിയ ചെറുത്ത് നിൽപ്പിന്‍റെ നേട്ടം തുടർന്നുകൊണ്ടു പോകാൻ എല്ലാവരും സഹകരിക്കണമെന്നും വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

രാജ്യത്ത് തിങ്കളാഴ്ച 255 കേസുകൾ റിപ്പോർട്ട് ചെയ്തു. നാലു മരണവും സ്ഥിരീകരിച്ചു. ഞായറാഴ്ച 261 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നു മരണവുമുണ്ടായി. ഇതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,8329 ആയി ഉയർന്നു. ആകെ മരണസംഖ്യ 6,379.

കഴിഞ്ഞവർഷം ജൂണിൽ രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപന നിരക്കായ 4000 കടന്ന സൗദിയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നൂറിൽ താഴേക്ക് വ്യാപനനിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിൽനിന്ന് തിരിച്ചുപോക്കാണ് ഇപ്പോൾ പ്രകടമാകുന്നത്. നിലവിൽ 2111 കേസുകളാണുള്ളത്. ഇതിൽ 371 പേരുടെ നില ഗുരുതരം. 24 മണിക്കൂറിനിടെ പത്തു പേരുടെ വർധനയാണ് ഉണ്ടായത്.

ഒരാഴ്ചയ്ക്കിടെ 18,563 കോവിഡ് നിയന്ത്രണലംഘന കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കോവിഡിന്‍റെ രണ്ടാംതരംഗം ആദ്യഘട്ടത്തിലേക്കാൾ രൂക്ഷമാണന്നും ഇതിനെതിരേ പ്രതിരോധം തീർക്കാൻ നമുക്കായിട്ടില്ലെന്നും അൽ റബിയ പറഞ്ഞു. മഹാമാരിയെ ഗൗരവപൂർവമെടുക്കേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം.

മഹാമാരിയെത്തുടർന്ന് കഴിഞ്ഞവർഷം ജനം വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും എന്നാൽ കുറച്ചുകാലത്തേക്കു കൂടി അത് സഹിക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ അൽ അലി പറഞ്ഞു. കഴിഞ്ഞയാഴ്ച മിക്കവാറും എല്ലാ മേഖലയിലും കേസുകൾ അമ്പതുശതമാനം വർധിച്ചെന്നും അദ്ദേഹം.

ബോധവത്കരണ ക്യാംപെയ്നുകൾ വർധിപ്പിക്കാൻ മേഖലാ ഗവർണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കലും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും വർധിപ്പിക്കും.