സൗദിയില്‍ റസ്റ്ററന്റുകള്‍ കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടി സ്വദേശിവത്കരണം

റിയാദ്: പ്രവാസികള്‍ പ്രധാനമായും ജോലി ചെയ്യുന്ന റസ്റ്ററന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലികള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി സൗദി മനുഷ്യവിഭവ – സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.

ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി അഹ്മദ് അല്‍ റാജിഹി വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ റസ്റ്ററന്റുകളിലെയും മറ്റും ഏതൊക്കെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കുകയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉടനെയുണ്ടാവും. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 28000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനായതായും മന്ത്രി അറിയിച്ചു. സാധ്യമായ മുഴുവന്‍ മേഖലകളിലും ജോലികളിലും നാടിന്റെ മക്കള്‍ക്ക് ജോലി നല്‍കുന്നതിനാവശ്യമായ എല്ലാ ഇടപെടലുകളും നടത്തും. 2019-2020 വര്‍ഷത്തില്‍ സൗദിവല്‍ക്കരണ നീക്കങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 420,000 സൗദി പൗരന്‍മാര്‍ക്ക് ഈ കാലയളവില്‍ വിവിധ മേഖലകളിലായി തൊഴില്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

അതേ സമയം അധികം താമസിയാതെ വിദ്യാഭ്യാസ മേഖലയിലും നിയമ രംഗത്തും സൗദി വല്‍ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍, കണ്‍സല്‍ട്ടിംഗ് പ്രൊഫഷനലുകള്‍ എന്നിവര്‍ക്കായുള്ള ദേശീയ കമ്മിറ്റി അംഗങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ കരാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞതായും അത് ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേപോലെ സ്വകാര്യമേഖലയില്‍ മിനിമം കൂലി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. തൊഴില്‍ കമ്പോളത്തിനനുസൃതമായി ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍, അവരുടെ നൈപുണ്യ വര്‍ധിപ്പിക്കുന്നതിനാവശ്യമായ ശില്‍പശാലകള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗദികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള മികച്ച ശമ്പളവും തൊഴില്‍ ആനുകൂല്യങ്ങളും ലഭ്യമാക്കല്‍ തുടങ്ങിയ നടപടികളും ചെയ്തുവരുന്നതായും അദ്ദേഹം അറിയിച്ചു.

3.48 കോടി ജനങ്ങളുള്ള സൗദി ജനസംഖ്യയില്‍ 1.05 കോടി പ്രവാസികളാണെന്നാണ് കണക്ക്. നിലവില്‍ 11 ശതമാനമാണ് സൗദികളിലെ തൊഴിലില്ലായ്മാ നിരക്ക്. 2030 ആകുന്നതോടെ അത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്. കിരീടാവകാശിയുടെ വിഷന്‍ 2030ന്റെ ഭാഗമായി വിവിധ മേഖലകളിലേക്ക് കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സൗദി കിരീടാവകാശി നേരിട്ടാണ് നേതൃത്വം നല്‍കുന്നത്. അക്കൗണ്ടന്‍സി മേഖലയില്‍ 2022ഓടെ 20,000 തൊഴിലുകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഹ്യൂമണ്‍ റിസോഴ്സ് മന്ത്രാലയം നേരത്തേ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദി ചാര്‍ട്ടേഡ് അക്കൗണ്ട്സ് അതോറിറ്റിയുമായി മന്ത്രാലയം കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.