ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു

ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം 83 ഡോളറായിരുന്നു ശരാശരി വില. 2020ല്‍ 18 ഡോളറിലേക്ക് താഴ്ന്നതോടെ ഗള്‍ഫ് മേഖലയിലടക്കം വന്‍ പ്രതിസന്ധിയുണ്ടായി. തുടര്‍ന്ന് എണ്ണ ഉല്പാദക രാജ്യങ്ങള്‍ നികുതി വരുമാനമടക്കമുള്ള ഇതര വരുമാന മാര്‍ഗത്തിലേക്ക് നീങ്ങി.
പലസ്തൈന്റെ ഭാഗമായ ഗാസ മുനമ്പിലേക്ക് കരയുദ്ധം ലക്ഷ്യമിട്ട് ഇസ്രായേല്‍ പട്ടാളം പ്രവേശിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡോയില്‍ വില വീണ്ടും കുതിപ്പ് തുടങ്ങിയത്. മധ്യേഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം താളംതെറ്റാന്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ഇടവരുത്തുമെന്ന സൂചനകളാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്.
ആഗോള എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും ഇസ്രായേലിനോ ഗാസയ്ക്കോ വലിയ പങ്കില്ല. എന്നാല്‍, ഇരുകൂട്ടരും തമ്മിലെ യുദ്ധം കനത്താല്‍ സമീപ രാജ്യങ്ങളും എണ്ണ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുമുള്ള ഇറാന്‍, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ ഇരട്ടിയോളം വര്‍ധിപ്പിച്ചു. ബാരലിന് 8-10 ഡോളര്‍ ഡിസ്‌കൗണ്ടാണ് റഷ്യ ഇപ്പോള്‍ ഇന്ത്യക്ക് നല്‍കുന്നത്.
ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിഹിതം ഇക്കാലയളവില്‍ 33 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി കൂടുകയും ചെയ്തു. ഓഗസ്റ്റിലെ 30 ശതമാനത്തില്‍ നിന്നാണ് സെപ്റ്റംബറില്‍ 38 ശതമാനത്തിലേക്ക് റഷ്യ വിഹിതം ഉയര്‍ത്തിയത്.
എണ്ണ വില ഉയരുന്നത് രാജ്യത്ത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക സ്ഥിരത കൈവരും.