9 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് റോഡ് നിർമിക്കാൻ ഈജിപ്റ്റ്

കെയ്റൊ: സുഡാൻ ഉൾപ്പെടെ ഒമ്പതു രാജ്യങ്ങളിലേക്ക് റോഡ് നിർമിക്കാൻ ഈജിപ്റ്റ്. ആഫ്രിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡായിരിക്കും ഇതെന്ന് ഈജിപ്ഷ്യൻ ഗതാഗതമന്ത്രി കമാൽ അൽ വസീർ പറഞ്ഞു. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പാർലമെന്‍റ് പ്ലീനറിയിൽ വിശദീകരിച്ചു. സല്ലൂമിൽനിന്ന് ബെങ്ഹാസിയിലേക്കുള്ള റോഡും റെയ്‌ൽ പാതയും വലിയ മാറ്റത്തിനിടയാക്കും. ഈജിപ്ഷ്യൻ വ്യവസായ, തൊഴിൽ മേഖലയ്ക്കു ഗുണകരമാകുന്ന ഈ റൂട്ട് ലിബിയയിലേക്കുള്ള ചരക്കു ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.

റോഡിന്‍റെ ആരംഭം ലിബിയയിൽനിന്നോ സുഡാനിൽനിന്നോ വേണ്ടതെന്ന കാര്യത്തിൽ ചാഡുമായി ധാരണയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ലിബിയയിൽനിന്നു തുടങ്ങുന്ന റോഡ് ചാഡ്, കോംഗോ എന്നിവിടങ്ങളിലേക്കു കൂടി പോകുന്ന രീതിയിലായിരിക്കും നിർമാണം.

റോഡ് നിർമാണത്തിന് സമാന്തരമായി റെയ്‌ൽവേ റൂട്ടും പുതിയ തുറമുഖങ്ങളും പദ്ധതിയുടെ ഭാഗമാണ്. മാനുഷികമായ തെറ്റുകൾ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് എക്സ്പ്രസ് ഇലക്‌ട്രിക് ട്രെയ്ൻ പദ്ധതി.

13 പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്കൽ സെന്‍ററും സ്ഥാപിക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറായിക്കഴിഞ്ഞു. ആഭ്യന്തരവും ബാഹ്യവുമായ വ്യാപാരം വിപുലമാക്കുന്നതിന് പുതിയ തുറമുഖങ്ങൾ കൊണ്ടു സാധിക്കും. ആകെ 150 കോടി ഈജിപ്ഷ്യൻ പൗണ്ട് (951,000 യുഎസ്ഡി) ചെലവിൽ 35 പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 30 കോടി പൗണ്ട് ചെലവിട്ട് ഒമ്പതു പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു.