കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേരള വിരുദ്ധ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍ഗോഡ്: കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല തരംഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ജനങ്ങള്‍ തിരിച്ചറിയും. ബിജെപിക്ക് ഒരു കേരളവിരുദ്ധ സമീപനം ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് എങ്ങനെ അത് വന്നു – അവര്‍ ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരല്ലേ. അവരെന്തിനാണ് കേരളത്തിനെതിരായ സമീപനം ബിജെപി യോടൊപ്പം നിന്നുകൊണ്ട് സ്വീകരിക്കുന്നത്.
രാജ്യത്തിന്റെ മൂല്യങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഭരണഘടന തന്നെയും ഏറ്റവും വലിയ അപകടത്തിലാണ് നില്‍ക്കുന്നത് നില്‍ക്കുന്നത്. ഇതെല്ലാം സംരക്ഷിക്കപ്പെടണമെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് കനത്ത പരാജയം രാജ്യത്ത് സംഭവിക്കണം എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഇത്തവണയും കേരളത്തിലെ ഒരു മണ്ഡലത്തില്‍ നിന്നും ബിജെപിക്ക് ജയിച്ചു വരാനാകില്ല
ബിജെപി ഗവണ്‍മെന്റ് കേരള വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്.
രാജ്യത്ത് ഒരുപാട് പ്രശ്‌നം ഉയര്‍ന്നുവന്നു. ആ പ്രശ്‌നങ്ങളില്‍ ഒന്നിലും യുഡിഎഫിന്റെ 18 അംഗ സംഘത്തെ എവിടെയും കാണാന്‍ പറ്റിയില്ല. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയില്‍ മുഴങ്ങേണ്ട ഘട്ടത്തില്‍ ശബ്ദം നേര്‍ത്തതായി പോയി. കാരണം 20 എംപിമാരില്‍ 18 നിശബ്ദത പാലിച്ചു . രണ്ടുപേര്‍ മാത്രം ശബ്ദിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷക്കാലം നടപ്പിലാക്കിയ നയം ജനവിരുദ്ധമായ നയമായിരുന്നു.

ആ നയം സമ്പന്നരെ അതിസമ്പന്നര്‍ ആക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കി മാറ്റുകയും ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതിനു മുന്നേ ഇവിടെ ഉണ്ടായിരുന്ന സര്‍ക്കാര്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ആയിരുന്നു. ആ സര്‍ക്കാര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ രാജ്യത്ത് ആകെ കടുത്ത അസംതൃപ്തി ഉണ്ടാക്കി. ആ ജനങ്ങളുടെ അതൃപ്തിയായിരുന്നു ബി ജെ പി ഉപയോഗിച്ചത്.

രണ്ടാം യുപിഎ സര്‍ക്കാരിനെ നയം അത് കോണ്‍ഗ്രസിന്റെ നയമായിരുന്നു. പിന്നീട് വന്ന ബിജെപി ഗവണ്‍മെന്റിന്റെ നയവും തമ്മില്‍ എന്താണ് വ്യത്യാസം. ജനങ്ങള്‍ക്ക് രണ്ടു ഭരണത്തിലും ഒരേ അനുഭവം.

ബിജെപി ക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നിയമമാണുള്ളത്. അത് സമ്പന്നരെ അതിസമ്പന്നരാക്കുന്നതും അതിസമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരികരിക്കുന്നതുമാണ്.

അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സാധിക്കുക.

രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവണ്‍മെന്റ് സ്വീകരിക്കുന്നു അതിനെതിരെ അണിനിരക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കാരണം കോണ്‍ഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമര്‍ശനം ഉന്നയിച്ചാല്‍ അവര്‍ പണ്ട് സ്വീകരിച്ച നയങ്ങള്‍ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരും ഇതാണ് ഞങ്ങളുടെ വിമര്‍ശനം.

ബിജെപി ഗവണ്‍മെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോണ്‍ഗ്രസിന് താല്പര്യം.

അപ്പോള്‍ എന്തിനാണ് നരേന്ദ്രമോദി രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഈ വിഷയത്തില്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്ക് വിമര്‍ശനം ഇല്ലല്ലോ, നിങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഒരേ നയം അല്ലേ.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി സാധാരണ ഒരു പാര്‍ട്ടി അല്ല. അത് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ്.

അത് ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു പാര്‍ട്ടിയാണ്.

നമ്മള്‍ മനസ്സിലാക്കിയിടത്തോളം കോണ്‍ഗ്രസ് അങ്ങനെയല്ല. കോണ്‍ഗ്രസ് എല്ലാകാലത്തും അവകാശപ്പെട്ടിട്ടുള്ളത് അവരൊരു മതനിരപേക്ഷ പാര്‍ട്ടിയാണ് എന്നാണ്.

ഭരണഘടന സ്ഥാപനങ്ങളെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്ന ആര്‍എസ്എസ് അജണ്ടയാണ് ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. എല്ലാം കാവിവല്‍ക്കരിക്കല്‍ ആയിരുന്നു. എല്ലാ സ്ഥലങ്ങളിലും പരമാവധി സംഘപരിവാറുകാരെ കുത്തിത്തിരുകല്‍ ആയിരുന്നു.

2019 ല്‍ രണ്ടാം ഊഴം കിട്ടിയപ്പോള്‍, നമ്മുടെ രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുക എന്ന ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട തന്നെ ആദ്യം എടുക്കാന്‍ തീരുമാനിച്ചു.

ഒരുകാലത്തും മതനിരപേക്ഷതയെ ആര്‍എസ്എസ് അംഗീകരിച്ചിട്ടില്ല. എല്ലാകാലത്തും തള്ളിപ്പറഞ്ഞിട്ടുണ്ട്.

രണ്ടാമൂഴം കിട്ടിയപ്പോള്‍ ആര്‍ എസ് എസിന്റെ ഈ നയം നടപ്പാക്കാന്‍ അവര്‍ തീരുമാനിച്ചു.

അതാണ് പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കുന്ന പൗരുത്വ നിയമഭേദഗതിയായി വന്നത്.

ഇക്കാര്യത്തില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായി. ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധിച്ചു. രാജ്യത്തെ മിക്ക പാര്‍ട്ടികളും മതനിരപേക്ഷ കക്ഷികളും പ്രതികരിച്ചു.

പക്ഷേ മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല. സാങ്കേതികമായി വിയോജിച്ചില്ല എന്നല്ല അതിന്റെ അര്‍ത്ഥം. പ്രതിഷേധം വേണ്ട രീതിയില്‍ ഉയര്‍ന്നോ?

പാര്‍ലമെന്റിലും പുറത്തും ഉയര്‍ന്നില്ല. ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം ഉണ്ടായപ്പോഴും കോണ്‍ഗ്രസുകാരെ എവിടെയും കണ്ടില്ല.

നരേന്ദ്രമോദിക്ക് അപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കേണ്ട കാര്യമില്ലല്ലോ. നിങ്ങള്‍ ഉള്ളുകൊണ്ട് ചിരിച്ച് കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതം ചെയ്യുകയല്ലെ.

നിങ്ങളുടെ നിലപാടിനോടൊപ്പം കോണ്‍ഗ്രസ് അണിനിരക്കുന്ന കാഴ്ചയല്ലേ നിങ്ങള്‍ കാണുന്നത്.

അപ്പോള്‍ നിങ്ങള്‍ എന്തിന് രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കണം.

മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി സംഘപരിവാറിന്റെ നയങ്ങളോട് യോജിക്കുന്നു. അവരുടെ അജണ്ട യോടൊപ്പം നില്‍ക്കുന്നു.

മോദിക്ക് ഇതില്‍പരം സന്തോഷം ലഭിക്കുന്ന മറ്റ് എന്ത് കാര്യമുണ്ട്. നിങ്ങള്‍ രാഹുല്‍ഗാന്ധിയെ എന്തിന് വിമര്‍ശിക്കണം നിങ്ങള്‍ അദ്ദേഹത്തെ മനസ്സില്‍ അഭിനന്ദിക്കുകയല്ലേ.

ഞങ്ങള്‍ എന്താണ് വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എവിടെപ്പോയി എന്നാണ് ഞങ്ങളുടെ ചോദ്യം. എങ്ങനെയാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ അധ:പ്പതിക്കുന്നത് എന്നാണ് ഞങ്ങളുടെ വിമര്‍ശനം.

ബിജെ പി ആ ചോദ്യം ചോദിക്കേണ്ടവരല്ല. മതനിരപേക്ഷത ഇല്ലാതായാല്‍ സന്തോഷിക്കുന്നവരാണ് നിങ്ങള്‍.

കേരളത്തില്‍ നിയമഭേദഗതി ഉണ്ടായ ഘട്ടത്തില്‍ തന്നെ ഇത് നടപ്പാക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടാതെ എല്ലാവരും ചേര്‍ന്ന് എല്ലാ പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് ഒരു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. നിയമസഭ പ്രത്യേകം വിളിച്ചു. എല്ലാ പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് ഈ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയം ഐകകണ്‌ഠേന പാസാക്കി.

ഇതെല്ലാം കഴിഞ്ഞപ്പോള്‍ കേരളത്തിലെ കെപിസിസി പ്രസിഡന്റ് പരസ്യമായി രംഗത്ത് വരികയാണ്. അദ്ദേഹം ചോദിച്ചത് കേന്ദ്രം പാസാക്കിയ ഒരു നിയമം ഇവിടെ നിയമസഭ ഒരു പ്രമേയം പാസാക്കിയത് കൊണ്ട് നടപ്പാവാതിരിക്കുമോ. തൊട്ടു പിന്നാലെ അദ്ദേഹം പറഞ്ഞു ഞങ്ങള്‍ യോജിച്ച പ്രക്ഷോഭത്തിന് ഇല്ല.

നരേന്ദ്രമോദിക്ക് എത്രമാത്രം സന്തോഷം പകരുന്ന കാര്യമാണ് അത്. കാരണം നിങ്ങളുടെ നിലപാടിനുള്ള അംഗീകാരം അല്ലേ അത്.

നിങ്ങള്‍ പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കുന്നു എന്ന ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെതിരെ കേരളം ആകെഒന്നിച്ച് പ്രതിഷേധിക്കുന്നിടത്ത് നിന്ന് കോണ്‍ഗ്രസ് പരസ്യമായി പറയുകയാണ് ഞങ്ങള്‍ ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ല. നിങ്ങള്‍ക്ക് സന്തോഷമല്ലേ അത്. പിന്നെ എന്തിന് നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കണം.

ഇപ്പോള്‍ പൗരത്ത ഭേദഗതി നടപ്പാക്കാന്‍ രാജ്യത്ത് ചട്ടം കൊണ്ടുവന്നു. എല്ലാവരും പ്രതിഷേധവുമായി രംഗത്ത് വന്നു. കോണ്‍ഗ്രസ് ഉണ്ടായിരുന്നു പ്രതിഷേധിക്കാന്‍. കോണ്‍ഗ്രസ് എന്തെ പ്രതിഷേധിക്കാതിരുന്നത്.

കോണ്‍ഗ്രസിന്റെ പ്രസിഡന്റിനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ രാത്രി ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്രമോദിക്ക് ഇതില്‍പരം സന്തോഷം നല്‍കുന്ന മറ്റെന്ത് കാര്യമാണുള്ളത്.

രാഹുല്‍ ഗാന്ധി ഇവിടെ വന്നപ്പോള്‍ അദ്ദേഹത്തിന് വലിയ പരാതി അദ്ദേഹത്തെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹോദരിയും ഇവിടെ വന്നു. അവര്‍ക്കും വലിയ പരാതി എന്റെ സഹോദരനെ ഇവിടെ വിമര്‍ശിക്കുന്നു.

അവിടുത്തെ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രം പുറത്തിറക്കുന്ന സമയത്ത് രാഹുല്‍ഗാന്ധി രാജ്യത്ത് ഒരു യാത്ര നടത്തുകയാണ്. രാജ്യത്തും ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നു. ഈയൊരു വിഷയത്തെക്കുറിച്ച് മാത്രം പ്രതികരണമില്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മാത്രം പ്രതികരണമില്ല.

ഒരു മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസ്സിനോടുള്ള യോജിപ്പ് ഞങ്ങള്‍ വിമര്‍ശനപരമായി ഉന്നയിക്കില്ലേ?

രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇറക്കിയ പ്രകടനപത്രികയില്‍ വ്യക്തമായി പറയുന്നു പൗരത്വ നിയമഭേദഗതി റദ്ദു ചെയ്യും. കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ എന്തെങ്കിലും പറഞ്ഞോ?

പ്രകടനപത്രികയില്‍ ഒന്നുമില്ല എന്ന് കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ കെപിസിസി പ്രസിഡണ്ട് ചുമതല വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് മനസ്സില്ല ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്കെന്തു വേണം. അതാണ് ശരിയായ ന്യായം. ആ പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്.

പക്ഷേ ഇപ്പോള്‍ ഒരു വിവരം ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു കൊണ്ടുവന്നിട്ടുണ്ട്. പ്രകടനപത്രിക തയ്യാറാക്കാനുള്ള സമിതിയിലെ അംഗങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, നിയമ ഭേദഗതിയെ കുറിച്ച് പ്രകടനപത്രികയുടെ കരടില്‍ രൂക്ഷമായി പറഞ്ഞിരുന്നു. എന്നാല്‍ കരട് അംഗീകരിക്കേണ്ട നേതാക്കള്‍ ഇത് വേണ്ട എന്ന് പറഞ്ഞ് വിഭാഗം ഒഴിവാക്കി.

കോടാനുകോടി ജനങ്ങളെ ആശങ്കയില്‍ ആക്കുന്ന ഈ ഭേദഗതി. അവര്‍ക്കാണ് നിങ്ങള്‍ ഒറ്റക്കല്ല ഞങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശം നല്‍കാന്‍ കേരളം ശ്രമിച്ചത്.

അതിനാണ് കേരള സര്‍ക്കാര്‍ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ പോയത്.

ഈ നിയമ ഭേദഗതി നമ്മുടെ ഭരണഘടന പ്രകാരം നിലനില്‍ക്കാത്ത ഒന്നാണ്. അതിന് ചട്ടം കൊണ്ടുവന്നപ്പോള്‍ നേരത്തെയുള്ള ഹര്‍ജി ഒന്നുകൂടി ബലപ്പെടുത്തി സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉന്നയിച്ചതില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ 2 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ജനറല്‍ സെക്രട്ടറിമാരും മറ്റു നേതാക്കളും ഉണ്ടായിരുന്നു. ഒരു കോണ്‍ഗ്രസുകാരനെയും അവിടെ എവിടെയും കണ്ടില്ല.

ഇതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കൂടുതല്‍ വിമര്‍ശിക്കേണ്ടി വരുന്നത്. മോദിയുടെ അജണ്ട യോടൊപ്പം നില്‍ക്കുമ്പോള്‍ മോദിക്ക് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടി വരില്ല.

ഈ രാജ്യം കോണ്‍ഗ്രസില്‍ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. ആ ഭാഗം തുറന്നുകാട്ടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് സംബന്ധിച്ച്.
ആര്‍എസ്എസിന്റെ മറ്റൊരു അജണ്ട നടപ്പാക്കാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി ഒരു ദിവസം പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് പറയുന്നു ജമ്മുകാശ്മീരിന്റെ പദവി റദ്ദ് ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുന്നു. ജമ്മു കാശ്മീരിനെ കഷണങ്ങളായി വിഭജിക്കുന്നു.

മതനിരപേക്ഷ കക്ഷികള്‍ ആകെ ഇതിനെ എതിര്‍ത്തു. രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. ആ പ്രതിഷേധത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധമുയര്‍ന്നോ.

ഇത്രയും പ്രധാനപ്പെട്ട വിഷയത്തില്‍ ശക്തമായ ഒരു പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചോ?

ജമ്മുകാശ്മീര്‍ വിഷയത്തില്‍ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. അദ്ദേഹത്തിന് ആവേശം അടക്കാന്‍ കഴിഞ്ഞില്ല എന്തൊരു നല്ല കാര്യം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നു. സംസ്ഥാനം അല്ലാതാകുന്നു. ആവേശം അടക്കാന്‍ വയ്യാതെ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അദ്ദേഹത്തെ സ്വീകരിച്ചു വീണ്ടും രാജ്യസഭാംഗമാക്കി.

ബിജെപിക്ക് സംഘപരിവാറും ഏറെ സന്തോഷം, സംഘപരിവാര്‍ മനസ്സിനോടൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് അത് തുറന്നു കാണിക്കേണ്ട ബാധ്യതയുണ്ട് അതുകൊണ്ടാണ് വിമര്‍ശിക്കുന്നത്.

എന്‍ ഐ എ നിയമ ഭേദഗതിയില്‍ എന്താണ് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം. ബില്ലിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. ലോക്‌സഭയിലെ അനുഭവം ബില്ലിനെ എതിര്‍ത്തത് ആകെ ആറു പേര് – അതിലൊന്ന് ആലപ്പുഴയിലെ ആരിഫ്.

രാജ്യത്തെ ഏറ്റവും കടുത്ത കരിനിയമം യുഎപിഎ , അതിനെ കൂടുതല്‍ കൊഴുപ്പിക്കാന്‍ ഭേദഗതി കൊണ്ടുവരുന്നു. എന്തിനാണ് ഇതൊക്കെ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ. ആ ഘട്ടത്തിലും കോണ്‍ഗ്രസ് ബിജെപിയോടൊപ്പം.

ഞങ്ങള്‍ മതനിരപേക്ഷതയുടെ സംരക്ഷണമാണ് ആഗ്രഹിക്കുന്നത് ആര്‍എസ്എസ് അജണ്ട അനുസരിച്ച് കാര്യങ്ങള്‍ നടന്നുകൂടാ എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി ആ കാര്യങ്ങള്‍ തുറന്നുകാണിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട് അതാണ് ഞങ്ങള്‍ ചെയ്യുന്നത്.

കേരളത്തില്‍ നിന്നുള്ള 18 അംഗ സംഘം ഏതെങ്കിലും ഒരു ഘട്ടത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നിന്നോ.

നമ്മള്‍, കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിടുമ്പോള്‍ ബിജെപി സര്‍ക്കാര്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കിയോ?

നമ്മള്‍ പ്രത്യേക പാക്കേജ് ചോദിച്ചു. പ്രത്യേക പാക്കേജ് ഇല്ല, പ്രത്യേക സഹായമില്ല, സ്വാഭാവികമായും നിങ്ങളുടെ നിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതല്ലേ. കോണ്‍ഗ്രസ് ഈ ഘട്ടത്തിലും നിങ്ങളുടെ ഒപ്പം അല്ലേ നിന്നത്. നിങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അല്ലേ അവര്‍ ശ്രമിച്ചത്.

കേരളത്തിന് സഹായം നല്‍കാന്‍ പല രാഷ്ട്രങ്ങളും വന്നപ്പോള്‍ ആ സഹായം സ്വീകരിക്കില്ല എന്ന് നിങ്ങള്‍ തീരുമാനിച്ചു. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയ്യാറായോ.

നമ്മുടെ പ്രവാസി സഹോദരന്മാര്‍ സഹായ വാഗ്ദാനവുമായി വന്നപ്പോള്‍, നിങ്ങള്‍ ഏതെങ്കിലും മന്ത്രിമാര്‍ വന്നാല്‍ ഞങ്ങള്‍ക്ക് സഹായം സ്വരൂപിക്കാന്‍ പറ്റും എന്ന് അവര്‍ അറിയിച്ചു. മന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണം. കേന്ദ്രം അനുമതി നിഷേധിച്ചു. ഈ ഘട്ടത്തിലും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ല.

ഇതല്ലേ ദുരിതകാലത്തുള്ള നമ്മുടെ അനുഭവം. നരേന്ദ്രമോദി ഇപ്പോള്‍ പറയുന്നു കേരളത്തെ വികസിപ്പിക്കുമെന്ന്. ആപത്ത് കാലത്ത് സഹായിക്കാത്ത നിങ്ങളാണോ കേരളത്തെ വികസിപ്പിക്കാന്‍ പോകുന്നത്. ആരു വിശ്വസിക്കും ഇതൊക്കെ. ഇതല്ലേ വസ്തുത.

കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത വിധം സാമ്പത്തികമായി ഞെരുക്കുന്ന രീതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. കേരളത്തോട് പക തീര്‍ക്കുന്ന സമീപനം ഉണ്ടായി.

എംപിമാരുടെ കോണ്‍ഫറന്‍സില്‍ ഞങ്ങള്‍ അവരോട് പറഞ്ഞു. നിങ്ങള്‍ എല്ലാവരും കൂടി സംയുക്തമായി കേന്ദ്ര ധനമന്ത്രിയെ കാണണം- നിവേദനം കൊടുക്കണം. എല്ലാവരും സമ്മതിച്ചു. പക്ഷേ തയ്യാറല്ല നിവേദനം ഒപ്പിടാന്‍.

രണ്ടാമത്തെ തവണ നിവേദനം ഒപ്പിടാന്‍ കൊണ്ടുചെന്നു. അപ്പോള്‍ പറഞ്ഞു ഞങ്ങള്‍ ഒപ്പിടാം പക്ഷേ ഒരു കാര്യം കൂടി എഴുതി ചേര്‍ക്കണം. കേരളത്തിലെ ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത അതാണ് ഇതെല്ലാം ഇങ്ങനെ സംഭവിക്കുന്നത് എന്ന്.

നാം കൊടുക്കുന്ന നിവേദനം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ. അപ്പോള്‍ അതില്‍ പറയുക ഇതൊന്നും സംഭവിക്കുന്നത് നിങ്ങളുടെ കുറ്റം കൊണ്ടല്ല ഞങ്ങള്‍ സംസ്ഥാനത്ത് ഒരു ഗവണ്‍മെന്റ് ഉണ്ട് – ആ ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് എന്ന്.

കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും നരേന്ദ്രമോദിയെ പൂര്‍ണമായി അംഗീകരിക്കുകയല്ലെ, അദ്ദേഹത്തെ ചാരി നില്‍ക്കുകയല്ലെ – ഇതില്‍പരം സന്തോഷം ലഭിക്കുന്ന മറ്റ് എന്ത് കാര്യമുണ്ട്. ആ മോദി എന്തിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കണം.

ഗത്യന്തരമില്ലാതെയാണ് കേരളം സുപ്രീം കോടതിയില്‍ പോയത്. അതില്‍ പറഞ്ഞു കഴിഞ്ഞ ഏഴുവര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് മുടക്കിയ സംഖ്യ. കേന്ദ്ര ഗവണ്‍മെന്റ് മുടക്കിയത് കൊണ്ട് കേരളത്തിന് ലഭിക്കാതിരുന്ന സംഖ്യ. എത്രയാണത് – ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടിയില്‍പരം രൂപ.

ഇവരുടെ ഗവണ്‍മെന്റ് ഉണ്ടായിരുന്ന കാലത്ത് ഇവര്‍ എന്തെങ്കിലും ഇതിനെതിരെ ശബ്ദിച്ചോ.

നരേന്ദ്രമോദി പറയുന്നു കേരളം സുപ്രീം കോടതിയില്‍ പോയി അവിടുന്ന് കനത്ത തിരിച്ചടി കേരളത്തിന് എന്ന്. ഏതാ തിരിച്ചടി – സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റ് നോട് പറയുകയാണ് കേരളത്തിന് ന്യായമായി അവകാശപ്പെട്ടതല്ലേ 13,000 കോടിയില്‍ പരം രൂപ – ആദ്യം അത് അനുവദിക്കു എന്ന്.

അപ്പോഴാണ് കേരളത്തിന് 13000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായത്. ഇതാരുടെയും ഔദാര്യമല്ല കേരളത്തിന് അര്‍ഹതപ്പെട്ടതാണ്. അര്‍ഹതപ്പെട്ട പണം ലഭിക്കുന്നതിനു പോലും സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടിവരുന്നു. ഇതില്‍ ബിജെപി ഉയര്‍ത്തിയ വാദത്തിന്റെ കൂടെയായിരുന്നു കോണ്‍ഗ്രസിന്റെ ഈ 18 അംഗ സംഘവും. ആ സംഘത്തില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി.

കേരളമുയര്‍ത്തിയ വിഷയം സാമ്പത്തിക ഫെഡറലിസമാണ് – സുപ്രീംകോടതി ഇതേവരെ കടക്കാത്ത ഒരു മേഖലയാണിത് ഇത്. ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. വിശദമായി വാദം കേള്‍ക്കേണ്ടതുണ്ട്. അതിനായി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുന്നു. അതായത് കേരളത്തിന്റെ വാദം അംഗീകരിച്ച് കൂടുതല്‍ വാദത്തിനായി ഭരണഘടന ബെഞ്ചിന് വിടുന്നു. ദേശീയതലത്തിലുള്ള ഒരു പ്രശ്‌നമായി അത് മാറുന്നു. ഈ ഘട്ടത്തില്‍ എപ്പോഴെങ്കിലും ഈ പതിനെട്ടംഗ സംഘത്തിന്റെ ശബ്ദം ആരെങ്കിലും കേട്ടോ.

എപ്പോഴും ബിജെപിക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും നരേന്ദ്രമോദിക്ക് അവരെ വിമര്‍ശിക്കേണ്ടി വരുന്നില്ല. എന്നാല്‍ നമുക്ക് ആ സന്തോഷമല്ല. ഇത്തരമൊരു അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തുന്നില്ല എന്ന ചിന്തയാണ് നമുക്ക്. അത് ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കേണ്ട ബാധ്യത എല്‍ഡിഎഫിന് ഉണ്ട്. അതാണ് എല്‍ഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.