കപ്പൽ വിട്ടുകിട്ടാൻ ദക്ഷിണ കൊറിയൻ സംഘം ഉടൻ ഇറാനിലേക്ക്

ദുബായ്: പിടിച്ചെടുത്ത കപ്പൽ വിട്ടുകിട്ടുന്നതിന് ഇറാനിലേക്ക് ഉടൻ പ്രത്യേകസംഘത്തെ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ. സൗദിയിലെ ജുബൈലിൽനിന്ന് രാസവസ്തുക്കളുമായി യുഎഇയിലെ ഫുജൈറ തുറമുഖത്തേക്കു പുറപ്പെട്ട കൊറിയൻ കപ്പൽ ഹോർമുസ് കടലിടുക്കിൽ തിങ്കളാഴ്ചയാണ് ഇറാൻ പിടിച്ചെടുത്തത്. കൊറിയൻ വിദേശകാര്യ സഹമന്ത്രി ചോയ് ജോങ് കുനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനിലെത്തുക.

എണ്ണ മൂലമുള്ള സമുദ്ര മലിനീകരണം തടയുന്നതിന്‍റെ ഭാഗമായാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. അതേസമയം, യുഎസ് ഉപരോധത്തിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽനിന്നു ലഭിക്കേണ്ട വൻ തുക ഇറാന് ലഭിച്ചിരുന്നില്ല. എണ്ണ വ്യാപാരത്തിന്‍റെ ഭാഗമായി കിട്ടേണ്ട ശതകോടി ഡോളറുകൾ കൊറിയൻ ബാങ്കുകൾ മരവിപ്പിച്ചതിനെതിരേ ഇറാൻ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. അതേസമയം, കപ്പലിനെ ബന്ധിയാക്കിയതല്ലെന്നും ഇറാൻ പറയുന്നുണ്ട്.

എംടി ഹാൻകുക് ചേമി എന്ന കപ്പൽ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ എത്തിച്ചിട്ടുണ്ട്. കപ്പലിലെ 20 അംഗ ജീവനക്കാരിൽ കൊറിയ, ഇന്തോനേഷ്യ, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണുള്ളത്. ഇവർ സുരക്ഷിതരാണെന്ന് സിയൂളിലെ ഇറേനിയൻ അംബാസഡറെ ഉദ്ധരിച്ച് കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു.

7,200 ടൺ ഓയിൽ കെമിക്കൽ ഉത്പന്നങ്ങളാണ് കപ്പലിലുള്ളത്. സമുദ്ര പാരിസ്ഥിതിക നിയമം നിരന്തരം ലംഘിച്ചതാണ് കപ്പൽ തടയാൻ കാരണമെന്നാണ് ഇറാന്‍റെ അവകാശവാദം. രാജ്യത്തെ നിയമസംവിധാനമാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഇറാൻ.