സൗദി കസ്റ്റമർ കെയർ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം

അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്ഹി

റിയാദ്: കസ്റ്റമർ കെയർ സർവീസുകളിലും കോൾ സെന്‍ററുകളിലും നൂറുശതമാനം സ്വദേശീവത്കരണത്തിന് സൗദി അറേബ്യ. കോൾ സെന്‍ററുകൾ വഴി വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റമർ കെയർ സേവനങ്ങൾ ഔട്ട് സോഴ്സ് ചെയ്യുന്നതിനെ പൂർണമായും ഒഴിവാക്കുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്ഹി പറഞ്ഞു.

യുഎസ്, യുകെ, ഇന്ത്യ, പാക്കിസ്ഥാൻ, ചില അറബ് അയൽ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സൗദിയിൽ വലിയ തോതിൽ കസ്റ്റമർ കെയർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്. പുതിയ നിർദേശമനുസരിച്ച് ഫോൺകോളുകൾ, ഇ മെയ്‌ലുകൾ, ഓൺലൈൻ ചാറ്റുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടലുകൾ തുടങ്ങി എല്ലാ കസ്റ്റമർ കെയർ സേവനങ്ങളും പൂർണമായും സൗദിവത്കരിക്കും. സൗദിക്കാർക്ക് തൊഴിൽമേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

വാർത്താ വിനിമയ- ഐടി മന്ത്രാലയം, വാർത്താ വിനിമയ- ഐടി കമ്മിഷൻ, ദേശീയ സൈബർ സുരക്ഷാ അഥോറിറ്റി, പ്രാദേശിക ഭരണകൂടസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക.

ജീവനക്കാരുടെ കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ മദദ് ആപ്പ് വഴി ലഭ്യമാക്കാൻ ചെറുകിട, മധ്യനിര സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകൾ രേഖാപ്രകാരമാക്കുന്നതിന്‍റെ ആവശ്യം മന്ത്രാലയം ഊന്നി പറയുന്നുണ്ട്. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുള്ള സഹായം ലഭ്യമാക്കാൻ ഇതുകൊണ്ടാകും.

ചെറുകിട, മധ്യനിര സ്ഥാപനങ്ങളിലെ ശമ്പള വ്യവസ്ഥകൾ ഉൾപ്പെടെ വിഷയങ്ങളിൽ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള ഔദ്യോഗിക ആപ്പാണ് മദദ്.