മൂടൽമഞ്ഞ്: വാഹനങ്ങൾ കൂട്ടിയിടിച്ച് അബുദാബിയിൽ ഒരു മരണം

അബുദാബി: കനത്ത മൂടൽ മഞ്ഞിനെത്തുടർ‌ന്ന് അൽ മഫ്റഖിൽ ഇന്നു രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരുക്കേറ്റു. ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന് 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കാറുകളും വലിയ വാഹനങ്ങളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ മരിച്ച വ്യക്തി ഏഷ്യക്കാരാനാണെന്ന് പൊലീസ്.

നിശ്ചിത ദൂരം പാലിക്കാതെ വാഹനങ്ങൾ സഞ്ചരിച്ചതാണ് അപകടകാരണം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം മൂടൽമഞ്ഞ് കനത്തതിനെത്തുടർന്ന് വാഹനാപകടങ്ങളും വർധിച്ചിരുന്നു. രാവിലെ ഒമ്പതുവരെ നഗരങ്ങളിൽ കാഴ്ചയ്ക്കു പ്രശ്നം നേരിടുന്നുണ്ട്. ആളുകൾ ജോലി സ്ഥലത്തേക്കും വ്യാപാരാവശ്യങ്ങൾക്കുമായി പോകുന്ന സമയമായതിനാൽ വളരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം.

ഷാർജ- ദുബായ് റോഡുകളിലായിരുന്നു ഏറ്റവുമധികം തിരിക്ക്. യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.