ഇന്ത്യന്‍ കോണ്‍സല്‍ ജനററലായി മുഹമ്മദ് ഷാഹിദ് ആലമിനെ നിയമിച്ചു

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനററലായി മുന്‍ ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലമിനെ നിയോഗിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലെ സേവനത്തിനു ശേഷം ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. ഇതിനിടെ, അബൂദബി ഇന്ത്യന്‍ എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ഉടന്‍ തന്നെ മുഹമ്മദ് ഷാഹിദ് ആലം ചുമതലയേല്‍ക്കുമെന്നാണു വിവരം.

ഇതോടെ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന തസ്തികയിലേക്കാണ് നിയമനം നടന്നത്. മണിപ്പൂര്‍ സ്വദേശി മുഹമ്മദ് നൂര്‍ റഹ്‌മാന്‍ ശൈഖ് സ്ഥാനക്കയറ്റം ലഭിച്ച് ഡല്‍ഹിയിലേക്ക് പോയശേഷം ബിഹാര്‍ സ്വദേശി സദര്‍ എ ആലമിനെയാണ് ജിദ്ദ സി.ജിയായി നിയോഗിച്ചത്. എന്നാല്‍, ജനീവയിലുള്ള അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര ഡെസ്‌കിന്റെ ചുമതലയേല്‍പ്പിക്കുകയും ഷാഹിദ് ആലമിനെ ജിദ്ദയിലേക്ക് സി.ജിയായി നിയമിക്കുകയുമായിരുന്നു. ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് ലേണിങ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ആലം 2010 ലാണ് ഐഎഫ്എസ് നേടിയത്. നേരത്തേ ഹജ്ജ് കോണ്‍സലായി അനുഷ്ഠിച്ച സേവനവും പരിചയവും ഇദ്ദേഹത്തിന്റെ നിയമനത്തിനു പരിഗണിച്ചിട്ടുണ്ട്.