വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്റെ ദൃശ്യം പകര്‍ത്തുന്നവര്‍ക്കു 800 ദിര്‍ഹം പിഴ

യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ രാവിലെ 10 വരെ നീണ്ടുനിന്ന ശക്തമായ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബൈ-അബൂദബി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. മൂടല്‍ മഞ്ഞിനു പുറമേ വടക്കുപടിഞ്ഞാറു നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റു വീശിയതും വാഹനഗതാഗതത്തെ ദുഷ്‌കരമാക്കി.

അതേസമയം, വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്റെ ദൃശ്യം പകര്‍ത്തുന്നവര്‍ക്കു 800 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത്. ഇത്തരക്കാരെ പിടികൂടുന്നതിന് ജനുവരി ഒന്നു മുതല്‍ പ്രത്യേക കാമറയും സ്ഥാപിച്ചിരുന്നു.