തെറ്റ് ഏറ്റുപറഞ്ഞ് ചാണ്ടി ഉമ്മന്‍; ചെറുകുടലിന് ഏഴ് മീറ്ററേ ഉള്ളൂ

എംഎല്‍എ ചാണ്ടി ഉമ്മന്‍റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്ബോള്‍ ആഹാരം പോലും കൃത്യമായി ക‍ഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം. എന്തായാലും ശാസ്ത്രലോകം ഈ പരാമര്‍ശത്തില്‍ ഞെട്ടിയിരിക്കുകയാണ്. ശരാശരി 1.5 മുതല്‍ രണ്ട് മീറ്റര്‍ വരെ നീളമുള്ള മനുഷ്യ ശരീരത്തിലാണ് 1500 മീറ്റര്‍ നീളത്തില്‍ ചെറുകുടലുണ്ടെന്ന് എംഎല്‍എ പ്രസംഗിച്ചത്. കൃത്യമായി ചെറുകുടലിന്‍റെ നീളം എത്രയെന്ന് അറിയാവുന്നവരും അറിയാത്തവരും സെര്‍ച്ച്‌ എഞ്ചിനുകളില്‍ പരതി. പറയുന്നത് ഒരു ജനപ്രതിനിധിയല്ലെ…ഇനി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിലോ.. പക്ഷെ ശാസ്ത്രലോകം പറയുന്നത് ഏ‍ഴ് മീറ്റര്‍ വരെയാണ് ചെരുകുടലിന്‍റെ നീളമെന്നാണ്. ഇനി ചാണ്ടി ഉമ്മന്‍റെ ചെറുകുടലിന് 1.5 കിലോമീറ്റര്‍ നീളമുണ്ടോയെന്നും അതുവെച്ചാണോ അദ്ദേഹം സാധാരണ മനുഷ്യര്‍ക്കും ഇത്രയും നീളത്തില്‍ ചെറുകുടലുണ്ടെന്ന് തെറ്റിദ്ധരിച്ചതെന്ന് അറിയില്ലെന്നുമാണ് പലരും സംശയം ഉയര്‍ത്തുന്നത്. എന്തായാലും സാധാരണ ചെറുകുടലിനെ കുറിച്ച്‌ ആരോഗ്യവിദഗ്ധര്‍ പറയുന്നത് പരിശോധിക്കാം.

സാധാരാണ ഒരു മനുഷ്യന്‍റെ ചെറുകുടലിന്‍റെ നീളം 7 മീറ്റര്‍ വരെയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദഹനം, ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം എന്നിവ നടക്കുന്നത് ചെറുകുടലിലാണ്‌. ഭക്ഷണം കഴിക്കാതിരിക്കുന്നതു കൊണ്ട് ഒരാളുടെ ചെറുകുടല്‍ ചുരുങ്ങില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചെറുകുടലില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ നീളത്തില്‍ മാറ്റം വരുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.