കോവിഡ് മാറാന്‍ 60 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബില്ല് എട്ടു കോടിയിലധികം

വാഷിങ്ടണ്‍: കോവിഡ് മാറാന്‍ 60 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബില്ല് എട്ടു കോടിയിലധികം. കോവിഡ്-19 ബാധിച്ച് മരണാസന്നനാവുകയും രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത എഴുപതുകാരനായ മൈക്കല്‍ ഫ്ളോറിനാണ് എട്ടു കോടിയിലേറെ രൂപ ആശുപത്രി ബില്‍. 1.1 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക. (ഏകദേശം 8,35,52,700 രൂപ).
മാര്‍ച്ച് നാലിനാണ് യുഎസിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആശുപത്രിയില്‍ മൈക്കല്‍ ഫ്ളോറിനെ പ്രവേശിപ്പിച്ചത്. 62 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ചികിത്സയുടെ ഒരു ഘട്ടത്തില്‍ മരണാസന്നനായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അവസാനമായി സംസാരിക്കാനും നഴ്സുമാര്‍ അവസരമൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് മെയ് അഞ്ചിന് ഫ്ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍ ആശുപത്രി ബില്‍ ലഭിച്ചതോടെ ഫ്ളോറും കുടുംബാംഗങ്ങളും ഒന്ന് ഞെട്ടി. 181 പേജുള്ള ബില്ലാണ് ഫ്ളോറിന് ലഭിച്ചത്, ആകെ തുക $1,122,501.04. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക അദ്ദേഹത്തിന് നല്‍കേണ്ടി വരില്ല. എന്നാല്‍ ആരോഗ്യപരിപാലനത്തിന് ലോകത്ത് ഏറ്റവുമധികം ചെലവ് വരുന്ന രാജ്യത്ത് തന്നെ പോലെയുള്ളവരുടെ ചികിത്സാചെലവിന്റെ ഭാരം നികുതി നല്‍കുന്നവരില്‍ അടിച്ചേല്‍പിക്കപ്പെടുമെന്ന ആശങ്ക ഫ്ളോര്‍ പ്രകടിപ്പിച്ചു.
കൊറോണവ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി 100 മില്യണ്‍ ഡോളറാണ് യുഎസ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.