വിമാനയാത്രയ്ക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കില്ല

ഡോ. മുഹമ്മദ് അൽ അബ്ദുൾ അലി, ആരോഗ്യമന്ത്രാലയവക്താവ്

ജിദ്ദ: വിദേശ വിമാന സർവീസുകൾ പൂർവനിലയിലാകുമ്പോൾ യാത്രക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നിർബന്ധമായിരിക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. മാർച്ച് 31 മുതലാണ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കുക.

സൗദി അറേബ്യയിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കില്ലെന്നും ഇത് രാജ്യത്തിന്‍റെ ആഭ്യന്തരവിഷയമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ അലി പറഞ്ഞു. അതേസമയം ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. മറ്റുരാജ്യങ്ങൾ ഇക്കാര്യത്തിൽ നിബന്ധനകൾ വച്ചേക്കാം. എന്നാൽ സൗദി ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.

അതേസമയം, വാക്സിൻ എടുക്കുന്നവർക്ക് ഹെൽത്ത് പാസ്പോർട്ട് നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്പ്പെടുത്തവരുടെ കണക്ക് കൃത്യമായി ലഭിക്കാനാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഹെൽത്ത് പാസ്പോർട്ടിനെ യാത്രാ രേഖയായി പരിഗണിക്കില്ല.

ഇതിനിടെ, ശനിയാഴ്ച രാജ്യത്ത് ഒറ്റ കോവിഡ്- 19 മരണവും പുതുതാ‍യി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള ആകെ ബാധിതരുടെ എണ്ണം 363,692.