ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കൂട്ടമതംമാറ്റം; 1100 ക്രിസ്ത്യാനികളെ ഘര്‍വാപസി നടത്തി

ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അരങ്ങേറിയ ചത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കൂട്ടമതംമാറ്റം.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രബല്‍ പ്രതാപ് സിങ് ജൂദേവിന്റെ നേതൃത്വത്തില്‍ ഘര്‍വാപ്പസി എന്നപേരില്‍ നടന്ന ചടങ്ങില്‍ 1100 ക്രിസ്തുമത വിശ്വാസികളെയാണ് ഹിന്ദുമതത്തിലേക്ക് മതംമാറ്റിയത്. ചൊവ്വാഴ്ച നടന്ന കൂട്ടമതംമാറ്റ ചടങ്ങില്‍ പ്രതാപ് സിങ് ജൂദേവ്, ഗംഗ നദിയിലെ വെള്ളം ഉപയോഗിച്ച്‌ 1100 പേരുടെയും പാദങ്ങള്‍ കഴുകി ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചു. ഇവര്‍ക്ക് ഹിന്ദുമതം സ്വീകരിക്കാനുള്ള പ്രതിജ്ഞ പണ്ഡിറ്റ് ഹിമാന്‍ഷു കൃഷ്ണ മഹാരാജ് ചൊല്ലിക്കൊടുത്തു.

325 കുടുംബങ്ങളില്‍ നിന്നുള്ള 1100ഓളം പേര്‍ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് വീണ്ടും ഹിന്ദുമതം സ്വീകരിക്കാന്‍ രംഗത്തുവന്നതാണെന്ന് ജൂദേവ് പറഞ്ഞു. തങ്ങള്‍ വഴിതെറ്റിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുമ്ബ് മതപരിവര്‍ത്തനത്തിന് ഇരയായെന്നും ഘര്‍ വാപ്പസിയില്‍ പങ്കെടുത്ത ആളുകള്‍ പറഞ്ഞതായി ഇയാള്‍ അവകാശപ്പെട്ടു. ചടങ്ങിന്റെ വിഡിയോയും ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

“ബസ്നയില്‍ സനാതന്‍ ധര്‍മ്മത്തിലേക്ക് 1100 പേരെ ഘര്‍ വാപ്പസി നടത്തുന്നതില്‍ അഭിമാനമുണ്ട്. നമ്മുടെ വേരുകളില്‍ ശുദ്ധമായ സൗന്ദര്യമുണ്ട്. നമ്മുടെ മതം നമ്മുടെ പൂര്‍വ്വികരുടെ പാരമ്ബര്യമാണ്. വീട്ടിലേക്ക് സ്വാഗതം” -ജൂദേവ് ട്വീറ്റ് ചെയ്തു.

“ഹിന്ദുക്കളെ രക്ഷിക്കുകയും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കടമയാണ്. ഹിന്ദുക്കള്‍ വിഭജിക്കപ്പെട്ടപ്പോഴെല്ലാം ഹിന്ദു ജനസംഖ്യ കുറഞ്ഞു. നമുക്ക് നമ്മുടെ പൂര്‍വ്വികരെ ബഹുമാനിക്കാം. ഹിന്ദുത്വം ദേശീയതയുടെ പ്രതീകമാണ്, അതിനാല്‍ നമുക്ക് ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാന്‍ കൈകോര്‍ക്കാം” -ജൂദേവ് കൂട്ടിച്ചേര്‍ത്തു.

മുമ്ബും ജുദേവ് സംസ്ഥാനത്തുടനീളം ഇത്തരം മതംമാറ്റ ക്യാമ്ബുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മഹാസമുന്ദ് ജില്ലയിലെ 1,250 പേരെ ഹിന്ദുമതത്തിലേക്ക് മതംമാറ്റി. 2021ല്‍ അദ്ദേഹം 400-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളെ ‘ഘര്‍ വാപ്സി’ കാമ്ബയിനിലൂടെ മതം മാറ്റിയതായും ഇയാള്‍ അവകാശപ്പെടുന്നു.

“ക്രിസ്ത്യന്‍ മിഷനറിമാര്‍ പാവപ്പെട്ട ഹിന്ദുക്കളെ പ്രലോഭിപ്പിച്ച്‌, ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ചുകൊണ്ട് അവരെ മതപരിവര്‍ത്തനം ചെയ്യുന്നത് തുടരുന്നു. അവര്‍ ഹിന്ദുക്കളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നു” ജുദേവ് സംഘ് പരിവാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.