ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതിന് ട്വിറ്റര്‍ മാപ്പുപറഞ്ഞു

ഇന്ത്യന്‍ പ്രദേശമായ ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതിന് മാപ്പുപറഞ്ഞ് സമൂഹമാധ്യമമായ ട്വിറ്റര്‍. നവംബര്‍ 30നകം തെറ്റുതിരുത്തുമെന്നും ട്വിറ്റര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിച്ചതിന് ട്വിറ്റര്‍ മാപ്പ് എഴുതി നല്‍കിയതായി പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ലേഖി അറിയിച്ചു. ഇന്ത്യയുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയായ സാഹചര്യത്തില്‍ മാപ്പ് പറയുന്നുവെന്നും നവംബര്‍ 30നകം തെറ്റുതിരുത്തുമെന്നും ട്വിറ്റര്‍ അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ ജിയോ ടാഗിങ്ങില്‍വന്ന ആശയകുഴപ്പമാണ് കാരണമെന്ന് ട്വിറ്റര്‍ പറഞ്ഞു.

കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയില്‍ ട്വിറ്റര്‍ കാണിച്ചത്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഉടന്‍ ഇടപെടുകയും ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതിന് കമ്പനിയില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.