സൗദിയില്‍ നിന്നു മടക്കിയയച്ച 20 മലയാളികള്‍ ഡല്‍ഹിയിലെത്തി; ഈ വര്‍ഷം മടക്കിയയച്ചത് 2971 പേരെ

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമങ്ങള്‍ ലംഘിച്ചവരെ കയറ്റിവിടുന്നത് തുടരുന്നു. 2971 പേരെയാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഇന്നലെ സൗദിയില്‍ നിന്ന് മടക്കിയച്ചവര്‍ ഡല്‍ഹിയിലെത്തി. ഇതില്‍ മലയാളികളായ 20 പേര്‍ക്ക് ആഭ്യന്തരവിമാനത്തില്‍ നാട്ടിലേക്ക് മടങ്ങണമെങ്കില്‍ അഞ്ച് ദിവസം ക്വാറന്റൈന്‍ കഴിയണം. കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് നാലു ദിവസത്തിന് ശേഷം ലഭിക്കും. നെഗറ്റീവാണെങ്കില്‍ നാട്ടിലേക്ക് മടങ്ങാം.
സ്‌പോണ്‍സര്‍ ഹുറൂബാക്കിയവര്‍, സ്‌പോണ്‍സരുടെ കീഴില്‍ നിന്നും മാറി അനധികൃതമായി ജോലി ചെയ്തവര്‍, വര്‍ഷങ്ങളായി ഇഖാമ പുതുക്കാത്തവര്‍, അനധികൃത വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഇങ്ങനെ നിരവധി കേസുകളില്‍പ്പെട്ട ഇന്ത്യക്കാരെയാണ് കയറ്റിവിട്ടത്.
ഇന്നലെ റിയാദിലെ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 20 മലയാളികളടക്കം 290 ഇന്ത്യാക്കാരെ കൂടി സൗദിയിലെ ഇന്ത്യന്‍ എംബസ്സി നാട്ടിലെത്തിച്ചു. റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നു സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലെത്തി.
ഇന്ത്യന്‍ എംബസി സൗദിയിലെ വിവിധ ഏജന്‍സികളും ആയി നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി മെയ് മാസത്തില്‍ 421 പേരും, സെപ്റ്റംബറില്‍ 582 പേരും ഒക്‌ടോബറില്‍ 1296 പേരും നവംബറില്‍ 382 പേരും നാട്ടില്‍ എത്തിയിരുന്നു.
ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ രാജ്യ വ്യാപകമായി റെയ്ഡ് ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരടക്കം 400 ഓളം പേര്‍ റിയാദിലെ കേന്ദ്രത്തില്‍ മാത്രം ഇനിയും കഴിയുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇവരെയും നാട്ടിലയക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് എല്ലാവരും നാട്ടിലേക്ക് മടങ്ങിയത്.
അതേസമയം ഇപ്പോഴും റിയാദിലും പരിസരങ്ങളിലും ജവാസാത്ത്, പൊലിസ് സംയുക്ത പരിശോധന തുടരുകയാണ്.