സൗദിയില്‍ സര്‍ക്കാര്‍ വാഹന ഡ്രൈവര്‍മാര്‍ നാല് മണിക്കൂറില്‍ അധികം തുടര്‍ച്ചയായി വാഹനം ഓടിക്കരുത്

റിയാദ്: സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ നിന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (പി.ടി.എ) വിലക്കി.

ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതും മുന്‍നിര്‍ത്തിയാണ് പി.ടി.എയുടെ നടപടി. ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യവും പുതിയ മാര്‍ഗനിര്‍ദേശത്തിന് പിന്നിലുണ്ട്. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുനല്‍കുംവിധം റോഡ് സുരക്ഷ, നല്ല ഗതാഗത അന്തരീക്ഷം എന്നിവ ഉറപ്പാക്കാനും പുതിയ മാര്‍ഗനിര്‍ദേശം സഹായകമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.

നാലര മണിക്കൂര്‍ തുടര്‍ച്ചയായി വാഹനമോടിച്ചാല്‍ ഡ്രൈവര്‍ക്ക് 45 മിനിറ്റ് വിശ്രമവേള എന്ന നിലക്ക് ഓട്ടം നിര്‍ത്തിവയ്ക്കണം. വാഹനം നിര്‍ത്തിയിടുന്ന കാലയളവ് ആദ്യ തവണ 15 മിനിറ്റില്‍ കുറയാതെയും തുടര്‍ന്ന് 30 മിനിറ്റ് എന്ന നിലക്കും വിഭജിക്കാം. വിശ്രമത്തിന് അനുവദിച്ച സമയത്ത് ഡ്രൈവര്‍ മറ്റ് ജോലികളൊന്നും ചെയ്യാന്‍ പാടില്ല. 24 മണിക്കൂറിനുള്ളിലെ ഡ്രൈവിങ് ദൈര്‍ഘ്യം ഒമ്ബത് മണിക്കൂറില്‍ കൂടരുതെന്നും നിബന്ധനയുണ്ട്. ആഴ്ചയില്‍ രണ്ട് തവണ മാത്രം പരമാവധി 10 മണിക്കൂര്‍ വരെ നീട്ടാമെന്നും അതോറിറ്റി വ്യക്തമാക്കി.

ആഴ്ചയിലെ ഡ്രൈവിങ് ദൈര്‍ഘ്യം 56 മണിക്കൂറില്‍ കൂടരുതെന്നും തുടര്‍ച്ചയായി രണ്ടാഴ്ചയില്‍ ഡ്രൈവിങ് സമയം 90 മണിക്കൂറില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. ഡ്രൈവര്‍ക്ക് കമ്ബനി അനുവദിക്കുന്ന പ്രതിദിന വിശ്രമ കാലയളവ് തുടര്‍ച്ചയായി 11 മണിക്കൂറില്‍ കുറവായിരിക്കരുത്. ബസിനുള്ളില്‍ വിശ്രമിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമവേളകള്‍ പരമാവധി ബസിന് പുറത്ത് ചെലവഴിക്കണമെന്നും അതോറിറ്റി സൂചിപ്പിച്ചു. പൊതുഗതാഗത ബസുകള്‍, ദീര്‍ഘദൂര വാടക ബസുകള്‍, ദേശാന്തര സര്‍വിസ് നടത്തുന്ന ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവക്കെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ഡ്രൈവിങ് സമയം, ദൈനംദിന, പ്രതിവാര വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ഡ്രൈവര്‍മാരും ബാധ്യസ്ഥരാണ്.