അഴിമതി: സൗദിയിൽ 65 പേർ അറസ്റ്റിൽ

ജിദ്ദ: വഞ്ചന, കൈക്കൂലി, മറ്റു ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയ കേസുകളിൽ സൗദി അഴിമതി വിരുദ്ധ വിഭാഗം (നസാഹ) സ്വദേശികളും വിദേശികളുമായ 6 പേരെ അറസ്റ്റ് ചെയ്തു. 411 പേർ അന്വേഷണപരിധിയിലാണ്. പിടിയിലായവരിൽ 48 പേർ ഏഴു വ്യത്യസ്ത മന്ത്രാലയങ്ങളിലെ സർക്കാർ ജീവനക്കാരാണ്. മറ്റുള്ളവർ, ദേശീയ സുരക്ഷാ വിഭാഗത്തിലും സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി, ദേശീയ കാലാവസ്ഥാ, പരിസ്ഥിതി വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാർ.

കൈക്കൂലി, അധികാരദുർവിനിയോഗം, വഞ്ചന, തട്ടിപ്പ് കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സാമ്പത്തിക, ഭരണവിഭാഗ അഴിമതികളെ ചെറുക്കാനുള്ള സൗദി അറേബ്യയുടെ അന്വേഷണ വിഭാഗമായ നസാഹയാണ് ഇവർക്കെതിരേ നടപടിയെടുത്തത്.

ജയിൽശിക്ഷയ്ക്കൊപ്പം വൻതുക പിഴയും നൽകേണ്ടുന്ന കേസുകളാണ് ഇവർക്കെതിരേ എടുത്തിരിക്കുന്നതെന്ന് അഭിഭാഷകനായ മജീദ് ഗാരൂബ് പ്രതികരിച്ചു. പ്രതികൾ അഴിമതി നടത്തിയ തുക തിരിച്ചു നൽകുന്നതിനൊപ്പം നഷ്ടപരിഹാരം കൂടി നൽകേണ്ടി വരും. മികച്ച മാതൃകയാണ് നസാഹയുടെ നടപടി കാണിക്കുന്നത്- ഗാരൂബ് പറഞ്ഞു.

പൊതു ഫണ്ടിനെ സംരക്ഷിച്ചുനിർത്താൻ നസാഹ നിരന്തരം ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.