കോവിഡ് ; മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ പൊലീസ്

ദുബായ്: കോവിഡ് മരണസംഖ്യ 1000ത്തോട് അടുക്കുന്നതിനിടെ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ പൊലീസ്. വിവിധ എമിറേറ്റുകളിൽ സാഹചര്യത്തിനനുസരിച്ചാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

തലസ്ഥാനമായ അബുദാബിയിൽ 11 വിവാഹച്ചടങ്ങുകൾ പൊലീസ് ഇടപെട്ട് മാറ്റിവച്ചു. അതേസമയം, ആൾക്കൂട്ടങ്ങളെ തടയുകയെന്നത് ഇവിടെ പൊലീസിനു വലിയ തലവേദന സൃഷ്ടിക്കുകയാണ്. ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5000 ദിർഹവും പിഴശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക പിഴ വേണ്ടത്ര ഫലിക്കുന്നില്ലെന്നാണ് പൊലീസ് കണക്കാക്കുന്നത്. അബുദാബിയിൽ മാത്രം 1688 കോവിഡ് ചട്ടലംഘന കേസുകളാണുണ്ടായത്. ഇതിൽ 47 പേർ സംഘാടകരും 1641 പേർ പരിപാടികളിൽ പങ്കെടുത്തവരുമാണ്.

ദുബായിൽ പൊലീസ് സ്റ്റേഷനുകളിലേക്കു വരുന്നവർ നിർബന്ധമായും കോവിഡ് പരിശോധനനടത്തിയിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേഷനോ ബന്ധപ്പെട്ട ഓഫിസികളോ സന്ദർശിക്കുന്നവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധം. അതേസമയം, രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് പ്രവേശന വിലക്കില്ല.

പൊതുവേദികൾ, ചടങ്ങുകൾ, ആഘോഷങ്ങൾ തുടങ്ങിയവയ്ക്ക് അജ്മാനിൽ വിലക്കുണ്ട്. സിനിമാശാലകളിലും ജിമ്മുകളിലും ഇവിടെ അമ്പതു ശതമാനമായി പ്രവേശനം പരിമിതപ്പെടുത്തി. വിവാഹത്തിന് പത്തുപേർക്കും മരണാനന്തരചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.
ഇതേ ചട്ടങ്ങളാണ് റാസൽ ഖൈമയിലും ഏർപ്പെടുത്തിയത്.

ഷാർജയിൽ സർക്കാർ, സ്വകാര്യ സ്കൂളുകളും നഴ്സറികളും തുറക്കുന്നത് ഈ മാസം അവസാനം വരെ നിർത്തിവച്ചു. ഓൺലൈൻ ക്ലാസുകൾ തുടരും.

യുഎഇയിൽ വ്യാഴാഴ്ച 3,525 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതർ 339667. മരണസംഖ്യ 974.