ഇന്ത്യയും സൗദിയും സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു

റിയാദ്: ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സൈനികര്‍ സംയുക്ത അഭ്യാസത്തിന് ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു സൈനികാഭ്യാസം. പാകിസ്താനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സൗദിയുടെ മാറ്റം വളരെ പ്രകടമാകുകയാണ്. അടുത്തിടെ ഇന്ത്യന്‍ കരസേനാ മേധാവി എംഎം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംയുക്ത സൈനിക അഭ്യാസം തുടങ്ങാനിരിക്കുന്നത്. സൗദിയിലായിരിക്കും സംയുക്ത സൈനിക അഭ്യാസം നടക്കുക. ഇന്ത്യന്‍ സൈനികര്‍ സര്‍വ സജ്ജരായി സൗദിയിലേക്ക് പോകും.

സൈനിക മേധാവി നരവനെ കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലെത്തിയതും സൗദി കരസേനയുടെ ആസ്ഥാനം സന്ദര്‍ശിച്ചതും. ഇന്ത്യ തങ്ങളുടെ മുഖ്യ സൈനിക പങ്കാളിയാണെന്ന് സൗദി അറേബ്യ സൂചിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രതിരോധ മേഖലയില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2019ല്‍ സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത കൗണ്‍സില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയതും 2019ലാണ്. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് അന്ന് സൗദി പ്രഖ്യാപിച്ചത്.

നേരത്തെ പാകിസ്താനുമായി അടുത്ത ബന്ധമാണ് സൗദി പുലര്‍ത്തിയിരുന്നത്. പാകിസ്താന്‍ സൈനികരുടെ സഹായം സൗദി പലപ്പോഴും തേടിയിരുന്നു. യമന്‍ യുദ്ധത്തിന് വരെ ഈ സഹകരണമുണ്ടായി. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളെ സൗദി പരസ്യമായി എതിര്‍ത്തത് അടുത്തിടെയാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ക്കാതെയാണ് സൗദി നിലപാടെടുത്തത്. മാത്രമല്ല, ഒഐസിയില്‍ പാകിസ്താന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഒഐസി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ ക്ഷണിക്കുകയും ചെയ്തു.

സൗദി ഇന്ത്യയുമായി അടുക്കുന്നു എന്ന് മനസിലാക്കിയ പാകിസ്താന്‍, തുര്‍ക്കിയുമായി സഹകരണം ശക്താക്കിയിട്ടുണ്ട്. തുര്‍ക്കിയും സൗദിയും അറബ് മേഖലിയല്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. ഗള്‍ഫ് രാജ്യങ്ങളുമായി അകലുന്ന പാകിസ്താനോട് വായ്പാ തുക സൗദി തിരിച്ചുചോദിച്ചതും വലിയ വാര്‍ത്തയായിരുന്നു.