ഹൂതി ആക്രമണം; സൗദി യാത്രാവിമാനത്തിന് തീപിടിച്ചു

ദുബായ്: സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തിനു നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ യാത്രാവിമാനത്തിന് തീപിടിച്ചു. വിമാനത്താവളത്തിനും പൊതുജനത്തിനും നേർക്കുണ്ടായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം ആവശ്യപ്പെട്ടു. ഹൂതി ആക്രമണങ്ങളിൽനിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും സഖ്യം വ്യക്തമാക്കി.

തെക്കൻ സൗദിയിൽ ഇറാൻ സഖ്യ കക്ഷികളിൽനിന്നുണ്ടായ രണ്ടു ഡ്രോൺ ആക്രമണങ്ങളെ സഖ്യകക്ഷികൾ പരാജയപ്പെടുത്തിയതായി സൗദി ദേശീയ ടിവി റിപ്പോർട്ട് ചെയ്തു. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ആക്രമണങ്ങൾ. ഹൂതികളിൽനിന്ന് ഇതാദ്യമായല്ല ആക്രമണമുണ്ടാകുന്നതെന്നും അവർക്ക് സമാധാനമല്ല വേണ്ടതെന്നും രാഷ്ട്രീയ നിരീക്ഷകനായ ഹംദാൻ അൽ ഷെഹ്‌രി വ്യക്തമാക്കി.

യെമനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ പ്രത്യേകപ്രതിനിധി മാർട്ടിൻ ഗ്രിഫ്ത്സ് ഇറാൻ സന്ദർശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആക്രമണമെന്നും ഷെഹ്‌രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ഇറാന് പ്രത്യേകിച്ചു താത്പര്യമില്ലെന്നും അദ്ദേഹം.

ഈയാഴ്ച ഇത് മൂന്നാംതവണയാണ് തെക്കൻ സൗദിയിൽ ഹൂതി ആക്രമണം.