അറേബ്യന്‍ വിന്റര്‍; സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം


റിയാദ്: സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കുവാന്‍ അവസരം. സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) സൗദി വിന്റര്‍ സീസണ്‍ ”അറേബ്യന്‍ വിന്റര്‍” സീസണിലാണ് അവസരമൊരുക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് അവസാനം വരെ നടക്കുന്ന ടൂറിസം കാമ്പെയ്ന്‍ രാജ്യത്തൊട്ടാകെയുള്ള 17 ലധികം ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കും.
സന്ദര്‍ശകര്‍ക്ക് 300 ഓളം പാക്കേജുകളും 200 ഓളം സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും ഈ സീസണില്‍ ഉണ്ട്. സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കുടുംബങ്ങളായോ, ഗ്രൂപ്പുകളായോ, തനിച്ചോ യാത്ര ചെയ്യുന്ന ഈ ഓഫറുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാ വൈവിധ്യവും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അറേബ്യന്‍ വിന്റര്‍ സഞ്ചാരികളെ സഹായിക്കും.
റിയാദ്, ആഡ് ദിരിയയുടെ പ്രദേശം, വടക്കന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ തബൂക്ക്, അല്‍ ജൂഫ്, ഹെയ്ല്‍, അലുല എന്നിവയും കിഴക്കന്‍ പ്രദേശങ്ങളായ ദമ്മം, ഖോബാര്‍, അല്‍-അഹ്‌സ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും, ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, യാന്‍ബു, പടിഞ്ഞാറ് ഉംലുജ് എന്നീ പ്രദേശങ്ങളും, തെക്ക് സ്ഥലങ്ങളില്‍ തായ്ഫിന്റെ പീഠഭൂമി, അല്‍ ബഹ, അസിര്‍, ജസാന്‍ എന്നിവയും ആണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആയി സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ)”അറേബ്യന്‍ വിന്റര്‍” ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.