ദുബായ് യാത്രക്കാർക്ക് പുതിയ പിസിആർ ചട്ടവുമായി എയർഇന്ത്യ എക്സ്പ്രസ്

ദുബായ്: ഇന്ത്യയിൽനിന്ന് ദുബായിലേക്കുള്ള യാത്രക്കാർ പിസിആർ പരിശോധനാ ഫലത്തിന്‍റെ പകർപ്പിൽ യഥാർഥ റിപ്പോർട്ടിലേക്ക് ലിങ്ക് ചെയ്യുന്ന ക്യൂആർ കോഡ് കൂടി വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ദുബായ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് എയർലൈൻ അധികൃതർ ബുധനാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഇതു കൂടാതെ, പരിശോധനയ്ക്കുള്ള സാംപ്ൾ ശേഖരിച്ച തീയതിയും സമയവും ഫലം ലഭിച്ച തീയതിയും സമയവും കൃത്യമായി റിപ്പോർട്ടിൽ രേഖപ്പെടുത്തണം.

അതേസമയം, എന്നു മുതലാണ് ചട്ടം പ്രാബല്യത്തിലാകുകയെന്ന കാര്യത്തിൽ അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പരിശോധന നടത്തുന്ന ലബോറട്ടറിയുടെ സീലും ഒപ്പും പതിച്ച യഥാർഥ കോപ്പി ഹാജരാക്കേണ്ടിവരുമോയെന്ന കാര്യത്തിലും മറുപടിയില്ല.