സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു

റിയാദ്: സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധി വിദേശ കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമായി. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുറവ് സംഭവിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 27.6 ശതമാനത്തിന്റെ കുറവാണ് വിദേശ വ്യാപാരത്തില്‍ അനുഭവപ്പെട്ടത്. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കാലയളവിലാണ് വ്യാപാരത്തില്‍ ഇത്രയും കമ്മി നേരിട്ടത്.

934.5 ബില്യണ്‍ റിയാലാണ് ഇക്കാലയളവിലെ വിദേശ വ്യാപാരം മൂല്യം. മുന്‍ വര്‍ഷം ഇത് 1.29 ട്രില്യണ്‍ ആയിരുന്നിടത്താണ് 356.8 ബില്യണ്‍ന്റെ കുറവ് അനുഭപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് ആഗോള തലത്തില്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതും, രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച്‌ ഗതാഗത വിലക്കുകള്‍ ഏര്‍പ്പെടുത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും വിദേശ വ്യാപാരത്തില്‍ 134.7 ബില്യണ്‍ റിയാലിന്റെ അറ്റാദായം നേടിയതായി കണക്കുകള്‍ വ്യക്തമാക്കി.