ഇന്ത്യൻ നിർമിത വാക്സിൻ ദുബായിലും കുവൈറ്റിലും എത്തി

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

ദുബായ്, കുവൈറ്റ് സിറ്റി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ കുവൈറ്റിലും ദുബായിലുമെത്തി. കോവിഡ് വ്യാപനതോത് രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങളിലേക്കു കടന്ന ദുബായിൽ ഇന്നലെ ഉച്ചയോടെയാണ് എയർഇന്ത്യ കാർഗോ വിമാനത്തിൽ വാക്സിനെത്തിച്ചത്. തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിന്‍റെ ചിത്രങ്ങൾ ട്വിറ്റിറിൽ പങ്കുവച്ചു. “ഇന്ത്യൻ നിർമിത വാക്സിൻ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത് , ഒരു പ്രത്യേകബന്ധം’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ജയ്ശങ്കർ. ട്വീറ്റിൽ വാക്സിൻ മൈത്രി എന്ന് ഹാഷ് ടാഗും നൽകി.

പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡിന്‍റെ 2,00000 ഡോസ് ആണ് ഇന്നലെ കുവൈറ്റിലെത്തിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയകാലം മുതൽ ഇന്ത്യയും കുവൈറ്റും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഒമാനിലേക്ക് ഇന്ത്യ ഒരുലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകിയിരുന്നു. ഇതുവരെ പതിനഞ്ചു രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്സിൻ നൽകിയത്. 90 ലേറെ രാജ്യങ്ങൾ ഇന്ത്യയുടെ മരുന്നിനായി അഭ്യർഥിച്ചിട്ടുണ്ട്.