നാട്ടില്‍ പോകാന്‍ എയര്‍പ്പോര്‍ട്ടിലേക്ക് പോകവെ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: അവധിക്ക് നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി നിര്യാതനായി. നജ്റാനില്‍നിന്ന് റിയാദിലേക്ക് പുറപ്പെട്ട പാലക്കാട് സ്വദേശി വഴിയില്‍ നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഇലഞ്ഞിക്കുന്നേല്‍ വീട്ടില്‍ പ്രദീപ്(41) ആണ് മരിച്ചത്. റിയാദിലെത്തുന്നത് 550 കിലോമീറ്റര്‍ അകലെ സുലൈലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
റിയാദില്‍ നിന്നുള്ള വന്ദേഭാരത് വിമാനത്തില്‍ നാട്ടില്‍ പോകാനായി ടിക്കറ്റെടുത്ത അദ്ദേഹം പുലര്‍ച്ചെയാണ് നജ്റാനില്‍ നിന്ന് സാപ്റ്റ്കോ ബസില്‍ പുറപ്പെട്ടത്. സുലൈലില്‍ ബസ് നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി വെള്ളം കുടിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുലൈല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വിലാസന്റെയും ഓമനയുടെയും മകനാണ്. ഭാര്യ : രമ്യ. മക്കള്‍: ആദിത്യ, അര്‍ജുന്‍
സുലൈല്‍ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സിദ്ദീഖ് കൊപ്പം, റഷീദ് ലീന, റഷീദ് മണ്ണാര്‍ക്കാട്, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഫൈസല്‍ എടയൂര്‍ എന്നിവര്‍ രംഗത്തുണ്ട്.