വിസ പുതുക്കാനായില്ല; മലയാളികൾ ഉൾപ്പെടെ യുഎഇയിൽ അറസ്റ്റിൽ

അബുദാബി: കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തതിന്‍റെ പേരിൽ മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ യുഎഇയിൽ പൊലീസ് പിടിയിൽ. ജോലിക്കു പോയി തിരിച്ചുവരുന്നതിനിടെ വാഹനം തഞ്ഞ് തൊഴിലാളികളെ പൊലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. മൊബൈൽ ഫോൺ പ്രവർത്തനരഹിതമായതിനാൽ ഇവരെ ഏതു ജയിലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നു പോലും വ്യക്തമല്ല. വിസ കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതിനാൽ ഇവർക്ക് വൻ തുക പിഴയും നൽകേണ്ടിവരും.

ഒന്നരവർഷത്തിലേറെയായി വിസ പുതുക്കാത്തവർ ഉൾപ്പെടെയുണ്ട് പിടിക്കപ്പെട്ടവരിൽ. കോവിഡ് വ്യാപനത്തെത്തുടർന്നാണ് ഇവരിൽ പലർക്കും വിസ പുതുക്കാനാകാതിരുന്നത്. അതേസമയം, ഏതുനിമിഷവും പിടിയിലാകുമെന്ന് കരുതി ഭയന്നിരിക്കുന്നവരും നിരവധിയാണ്. കോവിഡിനെത്തുടർന്ന് വിസ പുതുക്കാൻ സാധിച്ചില്ലെങ്കിലും ഇടയ്ക്കു മെഡിക്കൽ ഫിറ്റ്നസ് പരിശോധന നടത്തിയിരുന്നതിനാൽ വിസ അടിച്ചിരിക്കുമെന്നാണ് പല തൊഴിലാളികളും കരുതിയിരുന്നത്.

ഇതിനിടെ, മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ പരാതി നൽകിയതോടെ പലയിടങ്ങളിലും കമ്പനിയും തൊഴിലാളികളും തമ്മിലുള്ള ബന്ധവും വഷളായി. ശമ്പള കുടിശിക കിട്ടാത്തതിനാൽ ജോലിക്കുപോകാത്തവരും നിരവധി. ഇതിൽ ചിലർ പ്രതീക്ഷ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.