ബത്ഹയിലെ ബാച്ചിലര്‍ താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി

റിയാദ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി റിയാദിലെ ബത്ഹയില്‍ ഇന്നലെ മുതല്‍ ബാച്ചിലേഴ്‌സ് താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി.
ഒരു മുറിയില്‍ രണ്ടു പേര്‍ക്കും വലിയ മുറികളില്‍ മൂന്നു പേര്‍ക്കും മാത്രമാണ് താമസിക്കാന്‍ അനുമതിയുള്ളത്. വീഴ്ച്ച കണ്ടാല്‍ വരുന്ന ദിവസങ്ങളിലെ പരിശോധനയില്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താമസിപ്പിക്കുന്നവരെ മാറ്റേണ്ട ചുമതല സ്‌പോണ്‍സറിനാണ്. അല്ലാത്ത പക്ഷം സ്‌പോണ്‍സറിന് പിഴ ഈടാക്കും.
കോവിഡ് സുരക്ഷയുടെ കാര്യത്തില്‍ ഷോപ്പുകളില്‍ എല്ലായിടത്തും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നോ എന്നു പരിശോധിക്കും. റിയാദിലെ ബത്ഹയിലെ മാളുകളിലും ഇന്നു മുതല്‍ തവല്‍ക്കന ആപ്പ് നിര്‍ബന്ധമാക്കി. സൗദിയില്‍ മാളുകള്‍, പൊതു യൂട്ടിലിറ്റികള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിന് എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തവക്കല്‍ന ആപ്പില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി.ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആരോഗ്യസ്ഥിതി തെളിയിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എങ്കിലും റിയാദ് ഉള്‍പ്പെടെ സൗദിയിലെ പല സ്ഥലങ്ങളിലെയും മാളുകളില്‍ തവക്കല്‍ന ആപ്പ് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രണ്ട് ആഴ്ചക്കുള്ളില്‍ സൗദി അറേബ്യക്ക് പുറത്ത് താമസിച്ചിട്ടുണ്ടോ, രണ്ടാഴ്ചക്കുള്ളില്‍ കൊറോണ ബാധിതരുമായി ഇടപഴകിയിട്ടുണ്ടോ, ശക്തമായ പനി ചുമ ശ്വാസതടസ്സം എന്നിവയുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കൂടാതെ നിലവില്‍ താമസിക്കുന്ന ലൊക്കേഷനും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. ഇതിനു മുന്‍പ് രോഗബാധിതര്‍ ആയിരുന്നോ വാക്സിനേഷന്‍ ലഭിച്ചതാണോ തുടങ്ങിയ വിവരങ്ങളും വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്ക് ഹെല്‍ത്ത് പാസ്പോര്‍ട്ടും തവക്കല്‍നയില്‍ കാണാന്‍ കഴിയും. സൗദിയില്‍ കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കുമെന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.