ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി; പഴയ നോട്ടുകള്‍ മാറ്റാന്‍ സമയം

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി. പഴയ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ, ജനങ്ങള്‍ക്ക് സാവകാശം നല്‍കിക്കൊണ്ട് എല്ലാ വിധ മുന്‍കരുതലുകളോടെയുമാണ് ഖത്തര്‍ കറന്‍സി മാറ്റുന്നത്. മാര്‍ച്ച 19 മുതലാണ് പഴയ കറന്‍സികള്‍ അസാധുവാകുന്നത്.

ഡിസംബര്‍ 18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച്‌ 19 വരെ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിനു ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നും നാലാം സീരീസിലെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാര്‍ച്ച്‌ 19 മുതല്‍ അസാധുവാക്കുന്നത്. 

200 റിയാലിന്റെ പുതിയ കറന്‍സിയും ഡിസൈന്‍ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ശനിയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭിക്കും. ഡിസംബര്‍ 18ന് പുലര്‍ച്ചെ 12.01 മുതല്‍ രാജ്യത്തെ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പുതിയ നോട്ടുകളാണ് ലഭിക്കുക.