ആരോഗ്യരംഗത്ത് മലയാളികളുടെ സഹായി; ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു

റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആരോഗ്യരംഗത്ത് എന്നും സഹായകരമായിരുന്നു ആനി സാമുവലിന്റെ പ്രവര്‍ത്തനങ്ങള്‍.
കോവിഡ് കാലത്ത് മലയാളികള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ആനി സാമുവലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായിരുന്നു.
1987ല്‍ റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി എന്ന ഷുമേസി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായാണ് ജോലിയില്‍ പ്രവേശിച്ചത്. പത്തുകൊല്ലക്കാലത്തിന് ശേഷം രണ്ട് പതിറ്റാണ്ട് കാലം പ്രിന്‍സ് സുല്‍ത്താന്‍ ഹെര്‍ട്ട് സെന്ററില്‍ സേവനമനുഷ്ടിച്ചു.
ഈ കാലയളവില്‍ ഒട്ടനവധി ആതുരാലയങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ സൗഹൃദം കഴിഞ്ഞ കോവിഡ് ലോക്ഡൗണ്‍ കാലത്തും മറ്റും റിയാദിലെ മലയാളി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആനി സാമുവലിന്റെ ഇടപെടലുകളിലൂടെ ഉപകാരപ്പെടുകയുണ്ടായി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര കരിപ്പുഴ സ്വദേശിയായ ആനി സാമുവല്‍ കുടുംബ സഹിതമാണ് റിയാദില്‍ കഴിയുന്നത്. ഭര്‍ത്താവ് സാമൂഹ്യ പ്രവര്‍ത്തകനായ കൊച്ചുകുഞ്ഞ് സാമുവല്‍,മക്കള്‍ ബ്രിട്ടീഷ് എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വിപിന്‍ സാമുവല്‍,വിക്കി സാമുവല്‍. മരുമകള്‍ റിയാദ് മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജിന്‍സി വിപിന്‍.
കോവിഡ് കാലത്തെ നിസ്വാര്‍ത്ഥസേവനനങ്ങള്‍ക്ക് റിയാദിലെ മലയാളി സംഘടനകള്‍ ആനി സാമുവലിനെ അനുമോദിച്ചു.