തണുപ്പിച്ച വെള്ളം ഒഴിവാക്കാം

നിഹാല നാസര്‍

ചൂടുകാലത്ത് ഫ്രിഡ്ജിലെ തണുത്ത വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. തണുത്ത വെള്ളം / ഐസ് വെള്ളം കുടിക്കുമ്പോള്‍ ചൂടിന് താല്‍ക്കാലിക ശമനം ലഭിക്കുന്നുണ്ടെങ്കിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. നാമറിയാതെ ശരീരത്തിന്റെ സുഗമമായ പല പ്രവര്‍ത്തനങ്ങളെയും ഇത് തടസ്സപ്പെടുത്തുന്നു.

നിത്യേന തണുപ്പിച്ച വെള്ളം കുടിക്കുന്ന ആളുകളില്‍ കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

  1. ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്നു
    തണുത്ത വെള്ളം കുടിക്കുന്നത് രക്തധമനികള്‍ ചുരുങ്ങാന്‍ ഇടയാക്കുന്നു. ധമനികള്‍ ചുരുങ്ങുന്നതു മൂലം ദഹനതടസ്സം ഉണ്ടാകുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതിന്റെ തോത് കുറയുകയും ചെയ്യുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
  2. ശരീരത്തിലെ പോഷക ഗുണങ്ങളുടെ അളവ് കുറക്കുന്നു
    മനുഷ്യ ശരീരത്തിന്റെ ശരാശരി താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്തവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് അതിന്റെ താപനില സാധാരണ നിലയില്‍ നിലനിര്‍ത്താനായി അധിക ഊര്‍ജ്ജം ചെലവിടേണ്ടിവരുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളില്‍ നിന്നാകും ഈ ഊര്‍ജ്ജം ശരീരം ഉപയോഗിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിലനില്‍ക്കുന്ന പോഷകങ്ങളുടെ അളവില്‍ ഗണ്യമായ കുറവ് തണുത്തവെള്ളം സ്ഥിരമായി കുടിക്കുന്നതിലൂടെ സംഭവിക്കുന്നു. ഇത് ഒരു വ്യക്തിയെ അനാരോഗ്യനാക്കുന്നു.
  3. ശ്വാസകോശ അണുബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
    ഐസുവെള്ളം കുടിക്കുന്നത് ഒരു പരിധിവരെ ശ്വാസ തടസ്സത്തിന് ഇടയാക്കുന്നുണ്ട്. തണുത്തവെള്ളം ഒരുപാട് കുടിക്കുമ്പോള്‍ ശ്വാസകോശം ചുരുങ്ങുകയും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
  4. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു
    തണുത്തവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വാഗസ് ഞരമ്പുകള്‍ ഉത്തേജിപ്പിക്കപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍, അതായത് ഹൃദയമിടിപ്പു പോലുള്ള ശരീര പ്രവര്‍ത്തനങ്ങളില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വാഗസ് ഞരമ്പുകള്‍ക്കുള്ളത്. ഐസുവെള്ളം കുടിക്കുമ്പോള്‍ ശരീര താപനില കുറയുകയും വാഗസ് ഞരമ്പുകള്‍ വികസിക്കുകയും ചെയ്യുന്നു. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വാഗസ് ഞരമ്പുകള്‍ വികസിക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുന്നു.

തണുത്തവെള്ളം കുടിക്കുമ്പോള്‍ ശരീര താപനില ശരിയായ രീതിയില്‍ നിലനിര്‍ത്താനായി ശരീരം കൂടുതല്‍ പരിശ്രമിക്കേണ്ടിവരുന്നു. ഉദാഹരണമായി 500 മില്ലി തണുത്തവെള്ളം കുടിക്കുമ്പോള്‍ 17 കലോറി ഊര്‍ജ്ജം ചിലവാക്കിയാണ് ശരീരം സാധാരണ നിലയിലേക്ക് തിരികെയെത്തുന്നത്. എന്നാല്‍ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരം എത്ര കലോറി ഊര്‍ജ്ജം ചിലവിടേണ്ടിവരുന്നു എന്ന് ചിന്തിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞു കിടക്കുന്ന അപകടം മനസ്സിലാക്കാവുന്നതാണ്. ഒരുപാട് തണുത്തതോ ഒരുപാട് ചൂടു കൂടിയതോ ആയ ഭക്ഷണങ്ങളോ പാനീയങ്ങളോ അല്ല ശരീരത്തിനാവശ്യം. മിതമായ താപനിലയിലുള്ളവയാണ് ഉത്തമം. അതുകൊണ്ട് സാധാരണ അന്തരീക്ഷ ഊഷ്മാവിലുള്ള വെള്ളം തന്നെ കുടിക്കാന്‍ പരമാവധി ശ്രമിക്കുക.