ഹത്ത ജലവൈദ്യുത പദ്ധതി പുതിയ ഘട്ടത്തിലേക്ക്

ദുബായ്: മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഹത്ത ജലവൈദ്യുത പദ്ധതി പുതിയ ഘട്ടത്തിലേക്ക്. വെള്ളം കടത്തി വിടാൻ 500 മീറ്റർ നീളമുള്ള തുരങ്കങ്ങളുടെ പണി പൂർത്തിയാക്കി. മലമുകളിലെ ജലസംഭരണികളുടെ നിർമാണവും ആരംഭിച്ചു.

250 മെഗാവാട്ട് ഊർജം ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ഹത്ത അണക്കെട്ടിലെയും മലനിരകൾക്കു മുകളിലെ ജലസംഭരണിയിലെയും വെള്ളം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയിലൂടെ വൈദ്യുതോർജത്തിനൊപ്പം കാർഷിക വിനോദഞ്ചാര മേഖലകളുടെ വളർച്ച കൂടി ലക്ഷ്യമിടുന്നു.

ഒമാൻ അതിർത്തിയോടു ചേർന്നുള്ള ഹത്തയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 80 വർഷം വരെ അണക്കെട്ട് നിലനിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ മേഖലയിൽ സൗരോർജ പദ്ധതിയും വ്യാപകമക്കും. പദ്ധതിയിലെ വെള്ളം കൃഷിക്കും മറ്റു ഹരിത സംരഭങ്ങൾക്കും ഉപയോഗിക്കും. പർവതാരോഹണം , ജലസംഭരണിയിലെ ബോട്ട് യാത്ര, പർവതങ്ങളിലെ താമസം, എയർ സ്ട്രീം ക്യാംപ്, കരകൗശല- കാർഷിക മേളകൾ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളും ഉണ്ടാകും.