വിഷാദം കണ്ടെത്താന്‍ ഇനി കൗണ്‍സിലിംഗ് വേണ്ട; രക്തം പരിശോധിച്ചാല്‍ മതി

വിഷാദാവസ്ഥ (ബൈപോളാര്‍ ഡിസോര്‍ഡര്‍) കൃത്യമായി നിര്‍ണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. യുകെയിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നില്‍.

രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ഡിപ്രസീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ എളുപ്പത്തില്‍ തിരിച്ചറിയാനാകും.

ചില വ്യക്തികളില്‍ മാനസികമായുണ്ടാകുന്ന പ്രയാസങ്ങളാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. എപ്പോഴും വിഷാദത്തോടെ ഇരിക്കുന്ന അവസ്ഥയാണിത്. ഉന്മേഷക്കുറവ്, ആത്മവിശ്വാസമില്ലായ്മ എന്നിവയും ഇവരില്‍ കാണാം.

ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലെയുള്ള വിഷാദാവസ്ഥയാണ് ഡിപ്രസീവ് ഡിസോര്‍ഡറും. ഏതെങ്കിലും പ്രത്യേക കാര്യങ്ങളില്‍ അല്ലെങ്കില്‍ സാഹചര്യങ്ങളില്‍ അകപ്പെടുന്പോള്‍ സ്ഥിരമായുണ്ടാകുന്ന മാനസികബുദ്ധിമുട്ടുകളാണ് ഡിപ്രസീവ് ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള വിഷാദാവസ്ഥ ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കാം.

ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നും രോഗാവസ്ഥയെ വിളിക്കാറുണ്ട്. രക്തപരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താൻ കഴിയുന്നതോടെ ഇത്തരം അവസ്ഥകളിലുള്ളവര്‍ക്ക് ചികിത്സയും ആവശ്യമായ മാനസികപിന്തുണയും ലഭ്യമാക്കാൻ സാധിക്കും.

ലോക ജനസംഖ്യയില്‍ 40 ശതമാനത്തോളം ആളുകള്‍ പലവിധത്തിലുള്ള വിഷാദരോഗങ്ങളും മാനസികപ്രയാസങ്ങളും അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായ മാനസിക വിലയിരുത്തലിലൂടെയാണ് ബൈപോളാര്‍ ഡിസോര്‍ഡറിന്‍റെ കൃത്യമായ രോഗനിര്‍ണയം നടത്താനാകുക.

2018-2020 കാലയളവില്‍ മൂവായിരത്തിലധികം ആളുകളെ ഗവേഷകര്‍ നിരീക്ഷിച്ചു. വിദഗ്ധര്‍ ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന്, ഇവരില്‍നിന്ന് ആയിരം പേരെ തെരഞ്ഞെടുത്തു. തുടര്‍ന്നു നടത്തിയ രക്തസാന്പിള്‍ പരിശോധനയിലൂടെയാണ് ഗവേഷകര്‍ പുതിയ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.