എട്ട്​ മാസത്തിനിടെ​ സൗദിയില്‍ നിന്ന്​ നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 4323 ആയി

റിയാദ്​: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി. ഇതോടെ കോവിഡ്​ തുടങ്ങിയ ശേഷം എട്ട്​ മാസത്തിനിടെ​ സൗദിയില്‍ നിന്ന്​ നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 4323 ആയി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന്​​ പിടിയിലായി​ റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ്​ സൗദി എയര്‍ലൈന്‍സ്​ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്​ പോയത്​.

രണ്ടുദിവസങ്ങളിലും 290പേരെ വീതമാണ് നാട്ടിലെത്തിച്ചത്​.​ 15​ മലയാളികളും 37 തമിഴ്​നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തര്‍പ്രദേശുകാരും 202 പശ്ചിമ ബംഗാള്‍ സ്വദേശികളും 31​ രാജസ്ഥാനികളുമാണ്​ നാട്ടിലെത്തിയത്​. ഇഖാമ പുതുക്കാത്തത്​, ഹുറൂബ്​ കേസ്​, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ്​ ഇവര്‍ പിടിയിലായത്​.

ദമ്മാമില്‍ പിടിയിലായവരെയും റിയാദിലെത്തിച്ചാണ് കയറ്റിവിട്ടത്​. അല്‍ഖര്‍ജ്​ റോഡിലെ ഇസ്​കാനിലുള്ള​ പുതിയ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലാണ്​ ഇവരെ പാര്‍പ്പിച്ചിരുന്നത്​. ഇന്ത്യന്‍ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാര്‍, യൂസുഫ്​ കാക്കഞ്ചേരി, അബ്​ദുല്‍ സമദ്​, തുഷാര്‍ എന്നിവരാണ്​ നാട്ടില്‍ അയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്​.

കോവിഡ്​ പ്രതിസന്ധിക്ക്​ അയവ്​ വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ്​ പരിശോധന സൗദിയില്‍ ശക്തമായി തുടരുകയാണ്​.

ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ്​ ദിനംപ്രതി പിടിയിലാകുന്നത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളില്‍ പിടിയിലാകുന്നവരെ ഒടുവില്‍ നാട്ടിലേക്ക്​ കയറ്റിവിടാന്‍ റിയാദിലും ജിദ്ദയിലുമുള്ള തര്‍ഹീലുകളിലാണ്​ എത്തിക്കുന്നത്​. തടവുകാരുമായി 15ാമ​െത്ത​ സൗദി എയര്‍ലൈന്‍സ്​ വിമാനമാണ്​ വെള്ളിയാഴ്​ച രാവിലെ 10ന്​ റിയാദില്‍ നിന്ന്​ ഡല്‍ഹിയിലേക്ക്​ പുറപ്പെട്ടത്​.