ഖഷോഗി വധം: അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ അറബ് രാജ്യങ്ങള്‍

റിയാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിക്കെതിരെ അമേരിക്ക റിപ്പോര്‍ട്ട് പുറത്ത് വിട്ട നടപടിയില്‍ സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അറബ് രാജ്യങ്ങള്‍. ജിസിസിക്ക് പുറമെ വിവിധ അറബ് രാജ്യങ്ങള്‍ സഊദിക്ക് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയുടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായും നിരസിക്കുന്നതായും സഊദി അറേബ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിസിസി രാജ്യങ്ങള്‍ സഊദി നിലപാടിന് അനുകൂലമായി രംഗത്തെത്തിയത്. കൊലപാതകം സംബന്ധിച്ച രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ സഊദി സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരസിക്കുന്നുവെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദി അറേബ്യന്‍ നേതൃത്വത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ സഊദി വഹിക്കുന്ന മഹത്തായതും നിര്‍ണായകവുമായ പങ്ക് നിര്‍ണ്ണായകമാണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്റഫ് പറഞ്ഞു.

അമേരിക്കന്‍ റിപ്പോര്‍ട്ട് തള്ളി സഊദിക്ക് അനുകൂലമായി രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, കുവൈത്, യമന്‍ എന്നീ രാജ്യങ്ങളും രംഗത്തെത്തി. ഖഷോഗി വധത്തില്‍ സഊദി ജുഡീഷ്യറി നിലപാട് അംഗീകരിക്കുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രാലയ പ്രസ്താവനയെ പിന്തുണക്കുന്നുവെന്നും യുഎഇ വ്യക്തമാക്കി. മേഖലയുടെ സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളില്‍ തങ്ങള്‍ സഊദിയുമായി ചേര്‍ന്ന് നില്‍ക്കുന്നുവെന്നും അറബ് മോഡറേഷന്റെ അച്ചുതണ്ടിലും പ്രദേശത്തിന്റെ സുരക്ഷയിലും സഊദിയുടെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്നുവെന്നും ഈ പ്രശ്നം മുതലെടുക്കുന്നതിനോ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനോ ഉള്ള ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്നും യുഎഇ വ്യക്തമാക്കി.

സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സഊദി അറേബ്യ വഹിക്കുന്ന നിര്‍ണായകവും പ്രധാനവുമായ പങ്ക് ഏറെ വലുതാണെന്നും സഊദിയുടെ ഭാഗത്ത് നിലകൊള്ളുമെന്നും കുവൈത് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി. സഊദിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളെ തള്ളിക്കയുന്നതായും സഊദിയുടെ ഭാഗം വ്യക്തമാണെന്നും ബഹ്‌റൈനും വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖശോഗിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സഊദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സഊദി പൗരന്മാര്‍ക്ക് യുഎസ് യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വിലക്കിനെ കുറിച്ച്‌ സഊദിയുടെ പ്രത്യേക പ്രതികരണം പുറത്ത് വന്നിട്ടില്ല.