ലോകത്തെ ഏറ്റവും ഉയരമുള്ള തുരങ്ക ഭൂര്‍ഗഭപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരവും ദൈര്‍ഘ്യവുമുള്ള തുരങ്കമായ അടല്‍ ഭൂഗര്‍ഭ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ 10 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശിലെ മണാലിയെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടമലിന് 4083 കോടി രൂപയാണ് ചെലവായത്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും 800 കോടിയിലേറെ രൂപ കുറഞ്ഞ ചെലവിലാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2010ലാണ് അടല്‍ ടണലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 9.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം സൈനിക നീക്കത്തിനും വിനോദസഞ്ചാരത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അടല്‍ ടണല്‍ യാത്രയ്ക്കു തുറന്നുകൊടുക്കുന്നതോടെ മണാലി-ലേ ദൂരത്തില്‍ 46 കിലോമീറ്ററോളം കുറവു വരും.

മണിക്കൂറില്‍ 80 കിലോമീറ്ററാണ് അടല്‍ ഭൂഗര്‍ഭ തുരങ്കപാതയിലെ വേഗപരിധി. ഏതു കാലാവസ്ഥയിലും 3000 വാഹനങ്ങള്‍ക്ക് പ്രതിദിനം പാതയിലൂടെ കടന്നുപോകാം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള സ്മരണാര്‍ത്ഥമാണ് പാതയ്ക്ക് അടല്‍ ടണല്‍ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 2000 ജൂണ്‍ മൂന്നിന് പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.