ദുബായില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് നിര്‍ബന്ധമാക്കി

മനാമ: ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായില്‍ പ്രവേശിക്കാന്‍ തിരിച്ചു പോകാനുള്ള ടിക്കറ്റ് നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക.

തിരിച്ചുപോകാനുള്ള ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കും. ഏത് വിമാനത്തിലാണോ വന്നത് അവരുടെ ചെലവിലായിരിക്കും തിരിച്ചയക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് നിബന്ധന ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എത്തിയ മുന്നൂറോളം പേര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധന കടുപ്പിച്ചത്. റിട്ടേണ്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവരെ പിന്നീട് തിരിച്ചയച്ചു. ഇതില്‍ 200 ഓളം പേര്‍ ഇന്ത്യക്കാരാണ്. വെള്ളിയാഴ്ച വരെ റിട്ടേണ്‍ ടിക്കറ്റില്ലാത്തതിനാല്‍ 678 പാക്കിസ്ഥാന്‍കാര്‍ക്ക് ദുബായ് പ്രവേശനാനുമതി നിഷേധിച്ചു.

വരുന്ന യാത്രക്കാരുടെ കൈവശം ചുരുങ്ങിയത് 2,000 ദിര്‍ഹം (ഏതാണ്ട് 39,968 രൂപ) ഉണ്ടായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. റിട്ടേണ്‍ ടിക്കറ്റില്ലാത്ത സന്ദര്‍ശകര്‍ക്ക് ദുബായ് യാത്ര അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും അറിയിച്ചു.