കോവിഡ് നിയന്ത്രണം കടുപ്പിച്ച് യുഎഇ

അബുദാബി: കോവിഡ് പ്രതിരോധ നിയമങ്ങൾ കർശനമാക്കിയ യുഎഇ വാക്സിൻ വിതരണം ആറാഴ്ചത്തേക്ക് വയോധികർക്കും ഗുരുതര രോഗമുള്ളവർക്കും മാത്രമാക്കി. പൊതുഇടങ്ങളിലെ ജനസാന്ദ്രത കുറയ്ക്കാനുള്ള നടപടികളും ഊർജിതം. മാളുകൾ, ഹോട്ടലുകൾ, മറ്റു വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം വീണ്ടും നിജപ്പെടുത്തി. മാത്രമല്ല, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി.

ആറാഴ്ചയ്ക്കുശേഷം ബാക്കിയുള്ളവർക്കുകൂടി വാക്സിൻ ലഭ്യമാക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വയോധികർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വാക്സിൻ ഉടൻ നൽകാൻ തീരുമാനിച്ചത്.

തൊഴിലിടങ്ങളിൽ ഹാജർനില കുറയ്ക്കാൻ അബുദാബി ഭരണകൂടം നേരത്തേ അറിയിപ്പ് നൽകിയിരുന്നു. സർക്കാർ, അർധസർക്കാർ ജീവനക്കാരിൽ 30 ശതമാനം പേർ മാത്രം നേരിട്ട് ഓഫിസിൽ എത്തിയാൽ മതി. വാകസിനെടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണം. പാർട്ടികളും ഒത്തുചേരലുകളും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമംലംഘിക്കുന്നവർക്ക് 10000 ദിർഹം വരെയാണ് പിഴ.

വിവാഹത്തിന് പത്തും മരണാനന്തരചടങ്ങുകൾക്ക് 20 ഉം പേർക്കു പങ്കെുക്കാം. മാളുകളിൽ 40 ശതമാനം പേർക്കു മാത്രമാണ് പ്രവേശനം. സിനിമ തിയറ്ററുകൾ അടച്ചു. റസ്റ്ററന്‍റിൽ 60 ശതമാനവും ജിമ്മിൽ 50 ശതമാനവുമാണ് പ്രവേശനം.

ദുബായിൽ മാളുകളിൽ 70 ശതമാനം പേർക്കു പ്രവേശിക്കാം. അതേസമയം, പബ്ബുകളും ബാറുകളും അടച്ചു.