ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ബന്ധങ്ങളില്‍ വാക്കുതര്‍ക്കങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും വൈകാരികമായ അകലമുണ്ടാകുന്നതുമൊക്കെ വളരെ സാധാരണമായ കാര്യങ്ങളാണ്. എന്നാല്‍ ചിലര്‍ക്കിത് തീരെ സഹിക്കാന്‍ കഴിയില്ല. മനോഹരമായ സമയം തിരികെക്കിട്ടാന്‍ ആത്മാര്‍ത്ഥമായ ശ്രമവും കഠിനാധ്വാനവും ചിലപ്പോഴൊക്കെ തെറാപ്പിയും ആവശ്യമായി വരും. കുറച്ചൊന്നു മെനക്കെടാന്‍ മുതിരുന്നവര്‍ക്ക് അവരുടെ ബന്ധങ്ങളെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാവുന്നതേയുള്ളൂ.

93 ശതമാനം കേസുകളിലും തെറാപ്പികള്‍ ഫലപ്രദമാണെന്നാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മാര്യേജ് ആന്‍ഡ് ഫാമിലി തെറാപ്പിസ്റ്റ്സ് പറയുന്നത്. എന്നാല്‍ പ്രധാന പ്രശ്നമെന്താണെന്നു വെച്ചാല്‍ നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ടോയെന്ന് തിരിച്ചറിയലാണ്. നിങ്ങളുടെ ബന്ധത്തിലെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

ഈ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് കപ്പിള്‍ തെറാപ്പി ആവശ്യമാണ്.

  1. അപ്രതീക്ഷിത സംഭവങ്ങള്‍
    ചിലപ്പോഴൊക്കെ ജീവിതത്തില്‍ തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകുന്നു. സാമ്പത്തികമായ പ്രശ്നങ്ങളോ, ആസൂത്രിതമല്ലാത്ത ഗര്‍ഭം, പെട്ടെന്നുള്ള വലിയ നഷ്ടങ്ങള്‍ എന്നിവ നിങ്ങളെയും പാര്‍ട്ണറെയും പ്രയാസത്തിലാക്കിയേക്കാം. അത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലാതെ വരുകയാണെങ്കില്‍ പുറത്തുനിന്നൊരാളുടെ സഹായം സ്വീകരിക്കാവുന്നതാണ്. തെറാപ്പിസ്റ്റിന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിങ്ങളെ സ്വാധീനിക്കും.
  2. പ്രതിബദ്ധത
    വിവാഹം പോലെയുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്ന സമയത്ത് ചിലര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഭാവിയില്‍ വരാന്‍ പോകുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും ടെന്‍ഷനുണ്ടാക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ വിവാഹം ചെയ്യാന്‍ പോകുന്ന രണ്ടു പേരും കൂടി കപ്പിള്‍ തെറാപ്പി സ്വീകരിക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിന് വളരെ നല്ലതാണ്.
  3. ലൈംഗിക താല്‍പര്യം നഷ്ടപ്പെടുക
    വ്യക്തിപരമായതോ തൊഴില്‍പരമായതോ ആയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് പലപ്പോഴും ലൈംഗിക താല്‍പര്യം നഷ്ടപ്പെട്ടേക്കാം. ഇല്ലെന്ന് എത്ര തന്നെ പറഞ്ഞാലും കുടുംബ ജീവിതത്തില്‍ അങ്ങേയറ്റം പ്രധാനമാണ് ലൈംഗികബന്ധം. അതുകൊണ്ട് ലൈംഗിക ചോദനകള്‍ ഇല്ലാതെ വരുകയോ മടുപ്പ് വരുകയോ ചെയ്താല്‍ എത്രയും വേഗം പ്രൊഫഷണലിന്റെ സഹായം തേടണം.
  4. രഹസ്യങ്ങള്‍
    സുതാര്യതയും കൃത്യമായ ആശയവിനിമയവും ബന്ധങ്ങളുടെ സുഗമമായ നിലനില്‍പ്പിന് അത്യാവശ്യമാണ്. ബന്ധങ്ങളില്‍ പരസ്പരം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. നിങ്ങളുടെ വികാരങ്ങളോ, ചെലവുകളോ, താല്‍പര്യങ്ങളോ, ഫാന്റസികളോ അങ്ങനെ എന്തും നിങ്ങള്‍ പങ്കാളിയില്‍ നിന്ന് മറച്ചുവെക്കാന്‍ സാധ്യതയുണ്ട്. ചെറിയ പ്രശ്നങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുകയെങ്കിലും ഇത് പിന്നീട് ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്താനിടയുണ്ട്.
  5. പങ്കാളിയെക്കുറിച്ചുള്ള പക്ഷപാതപരമായ ചിന്ത
    പങ്കാളിയെക്കുറിച്ച് തെറ്റായ മുന്‍ധാരണകള്‍ ഉണ്ടാകുന്നത് ബന്ധത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഉദാഹരണത്തിന് മുന്‍പൊരിക്കല്‍ പങ്കാളി കള്ളം പറഞ്ഞതിന്റെ പേരില്‍ അയാള്‍ എല്ലായ്‌പ്പോഴും കള്ളമാണ് പറയുന്നത് എന്നുകരുതി പ്രവര്‍ത്തിക്കുന്നത് ഒട്ടും നല്ല സൂചനയല്ല.
  6. മാറ്റത്തിന് തയ്യാറാവാതിരിക്കുക
    ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. അതിനെ മറികടക്കുകയും മുന്നോട്ടുപോവുകയും വേണം. എന്നാല്‍ മാറ്റങ്ങള്‍ക്കു തയ്യാറാവാതെ നിന്നാല്‍ അത് മറ്റയാള്‍ക്ക് പ്രശ്‌നമുണ്ടാക്കും. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാന്‍ സ്വയം തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. ചിലപ്പോള്‍ അതിന് സ്വയം കഴിഞ്ഞില്ലെന്നുവരും. അത്തരം സന്ദര്‍ഭങ്ങളില്‍ കപ്പിള്‍ തെറാപ്പി ഫലപ്രദമാണ്.
  7. വിശ്വാസം നഷ്ടപ്പെടുക
    നിങ്ങളുടെയോ പാര്‍ട്ണറുടെയോ പ്രശ്‌നം കൊണ്ട് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. അവിശ്വാസം, കള്ളം പറയല്‍, വീണ്ടുവിചാരമില്ലാത്തത് തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം.
    പ്രശ്‌നം തിരിച്ചറിയുകയും പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എത്രയും വേഗം ഒരു തെറാപ്പിസ്റ്റിനെ കാണുക.
  8. ക്ഷമിക്കാന്‍ പ്രയാസമുണ്ടാവുക
    അങ്ങോട്ടുമിങ്ങോട്ടും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്താല്‍ മാത്രമേ ബന്ധങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. ചെറിയ കാര്യങ്ങള്‍ക്കു പോലും ക്ഷമിക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥയുണ്ടായാല്‍ തെറാപ്പിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.
  9. ആസക്തികള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക
    ആസ്വദിക്കുന്നതും ആസക്തിയ്ക്കടിപ്പെടുന്നതും വ്യത്യസ്തമാണ്. നമ്മുടെ ആസക്തി പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. മറ്റൊരാള്‍ക്കു മാത്രമേ അത് നമ്മെ ബോധ്യപ്പെടുത്താന്‍ കഴിയൂ. പങ്കാളിക്ക് അത്തരത്തിലുള്ള ആസക്തിയുണ്ടെന്നു കണ്ടാല്‍ എത്രയും വേഗം ഒരു തെറാപ്പിസ്റ്റിന്റെ സഹായമെടുക്കുക.
  10. അവസാനിക്കാത്ത വഴക്കുകള്‍
    വഴക്കുകളുണ്ടാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ വഴക്കുകള്‍ സ്ഥിരമാകുന്നതും അത് നിങ്ങളുടെ സൈ്വര്യം കെടുത്തുന്നതും ഗൗരവമായി കാണേണ്ട പ്രശ്‌നമാണ്. അതിനാല്‍ എത്രയും വേഗം തെറാപ്പിസ്റ്റിനെ കണ്ട് ഉപദേശം തേടാം.