ഉംറ ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തു


റിയാദ്: ഉംറ ആപ്പില്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ പേര്‍ക്കും വിദേശികള്‍ക്കും ഉംറ ചെയ്യാന്‍ അവസരം ഒരുങ്ങവെ ഇഅതമര്‍നാ ആപ്ലിക്കേഷനില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ത്തതായി ഹജ്ജ് മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയും ആപ്ലിക്കേഷന്റെ സൂപ്പര്‍വൈസറുമായ അബ്ദുല്‍റഹ്മാന്‍ ഷംസ് അറിയിച്ചു.
മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളിലെ നമസ്‌കാരം, പ്രവാചക പള്ളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ റൗദ ഷരീഫില്‍ പ്രവേശനം, പ്രവാചകന്റെ ഖബറിടത്തില്‍ സലാം പറയല്‍ എന്നിവക്കുള്ള പെര്‍മിറ്റുകളാണ് പുതുതായി ചേര്‍ത്തത്. ഉംറ പെര്‍മിറ്റില്‍ മാത്രം ആരംഭിച്ച ആപ്ലിക്കേഷന്‍ ക്രമേണ പുതിയ പെര്‍മിറ്റുകള്‍ ചേര്‍ക്കുമെന്നും ഷംസ് കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട്ഫോണുകളില്‍ (ആന്‍ഡ്രോയിഡ് വഴിയും ആപ്പ് സ്റ്റോര്‍ വഴിയും) ഇഅതമര്‍നാ ആപ്ലിക്കേഷന്‍ ലഭ്യമാണ്.