നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരത്തിലധികം റാലികള്‍

തെല്‍ അവീവ്: അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരത്തിലധികം സ്ഥലങ്ങളില്‍ ജനങ്ങള്‍ റാലി നടത്തി. നെതന്യാഹുവിന്റെ രാജിക്ക് മൂന്ന് മാസത്തിലധികമായി എല്ലാ വാരാന്ത്യത്തിലും വന്‍ ജനാവലി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ റാലി നടത്തിവരികയായിരുന്നു. പ്രതിഷേധ പരിപാടികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മറയാക്കി സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെങ്ങും പ്രകടനങ്ങള്‍ നടന്നത്.

ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. പ്രഷോഭകര്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ ചിലര്‍ക്ക് സാരമായി പരിക്കേറ്റു.

ലോകത്ത് ഏറ്റവും കൂടിയ പ്രതിശീര്‍ഷ രോഗബാധയും മരണവുമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍. 90 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അവിടെ 2.65 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും 1700 പേര്‍ മരിക്കുകയും ചെയ്തു.