സ്‌പോൺസറുടെ മരണത്താല്‍ പ്രയാസപ്പെട്ട തിരൂർ സ്വദേശിക്ക് സോഷ്യൽ ഫോറം തുണയായി


ഖുൻഫുദ: ഉദരസംബന്ധമായ അസുഖം മൂലം ജോലിക്കുപോകാനാകാതെ വിഷമിക്കുകയും, സ്‌പോൺസറുടെ മരണവും മൂലം താമസ രേഖയും മറ്റും പുതുക്കാനാവാതെ  കഷ്ടതയനുഭവിച്ചിരുന്ന മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അബ്ബാസ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം വിദഗ്ധ ചികിത്സക്കായി സ്വദേശത്തേക്കു യാത്രയായി. പതിനാറു വർഷത്തോളമായി ഖുൻഫുദയിൽ മത്സ്യ ബന്ധന ജോലി ചെയ്തു വരികയായിരുന്നു അബ്ബാസ്. കോവിഡ് വ്യാപനം മൂലം ജോലിയില്ലാതാവുകയും തുടർന്ന് എട്ടു മാസം മുമ്പ് സ്പോൺസർ  മരണപ്പെട്ടതോടെ  താമസ രേഖയും മറ്റും പുതുക്കാനാകാതെ വിഷമിച്ചിരിക്കുകയായിരുന്നു.  അതോടൊപ്പം വയറിനകത്ത് അസുഖം കണ്ടെത്തിയതോടെ കൂടുതൽ കഷ്ടത്തിലുമായി.  

ജോലിയും വരുമാനവുമില്ലാതെ വിഷമിച്ചിരുന്ന അബ്ബാസ് സുമനസ്സുകളുടെ സഹായത്തോടെയാണ് തുടർന്നിതുവരെ കഴിഞ്ഞിരുന്നത്. രേഖകൾ ശരിപ്പെടുത്താനും ചികിത്സക്കായി നാട്ടിലേക്കെത്താനും പലവഴികൾ തേടിയെങ്കിലും വിഫലമാവുകയായിരുന്നു.

വിഷയമറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ഖുൻഫുദ വെൽഫെയർ വളണ്ടിയർമാരായ ഹനീഫ വി.കെ.എച്ച്, സൈദലവി, സഫാദ്, സഹീർ കണ്ണൂർ എന്നിവരുടെ ശ്രമഫലമായി  സ്‌പോൺസറുടെ ബന്ധുവിനെ കണ്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ സഹായത്തോടെ സ്‌പോൺസർഷിപ്പ് മാറ്റിക്കിട്ടുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്തു. വിസ ക്യാൻസൽ ചെയ്തു പോകാൻ തീരുമാനിച്ചിരുന്ന അബ്ബാസിന് സ്‌പോൺസറുടെ ബന്ധു റീ എൻട്രി നൽകാൻ തയ്യാറാവുകയും ചികിത്സക്ക് ശേഷം തിരിച്ചു വരാനുള്ള സൗകര്യവും ചെയ്തു.  

സോഷ്യൽ ഫോറം വളണ്ടിയർമാർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുകയും പി.സി.ആർ. ടെസ്റ്റിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. വിമാന യാത്രാ രേഖകൾ നൽകി അബ്ബാസിനെ കഴിഞ്ഞ ദിവസം നാട്ടിലേക്കു വിദഗ്ദ്ധ ചികിത്സക്കായി  യാത്രയാക്കി.