കേരളത്തില്‍ പ്രചാരണനായകനാകാന്‍ ഇത്തവണയും പിണറായി

ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തില്‍ ഇക്കുറിയും മുഖ്യമന്ത്രി പിണറായി തന്നെ ഇടത് മുന്നണിയുടെ നായകൻ; മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളോടെ ! പൗരത്വ റാലികള്‍ കഴിഞ്ഞാല്‍ നേരിട്ട് പ്രചാരണത്തിലേക്ക്; എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തുന്ന മുഖ്യമന്ത്രി മൂന്ന് യോഗങ്ങളില്‍ വീതം പങ്കെടുക്കും

തിരുവനന്തപുരം. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെങ്കിലും ഇത്തവണയും പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പിണറായി വിജയനായിരുന്നു നയിച്ചത്. അതില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ തോല്‍വി ഏറ്റുവാങ്ങുകയും മറ്റു രണ്ടു തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു നയിച്ചത്. അതിന് മുമ്പ് ഇ.കെ.നായനാര്‍, ഇ.എം.എസ് എന്നിവരും തെരഞ്ഞെടുപ്പുകളില്‍ മുന്നി നിന്നു നയിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുക. ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പൗരത്വ പ്രശ്‌നത്തില്‍ സംഘടിപ്പിക്കുന്ന ബഹുജന റാലികളില്‍ നിന്ന് തന്നെ മുഖ്യമന്ത്രി പ്രചാരണം തുടങ്ങുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം എന്ന ചരിത്ര നേട്ടത്തിലേക്ക് ഇടത് മുന്നണിയെ എത്തിച്ചത് ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയായിരുന്നു. വെളളിയാഴ്ച കോഴിക്കോട്ടാണ് പൗരത്വവിഷയത്തിലെ ആദ്യ റാലി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന റാലിയില്‍ കാസര്‍കോട്, കണ്ണൂര്‍ മലപ്പുറം, കൊല്ലം ജില്ലകളിലും മുഖ്യമന്ത്രി എത്തും.
തലസ്ഥാന മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടി ആരംഭിക്കുക. 20 മണ്ഡലങ്ങള്‍ക്കുമായി ഓരോ ദിവസം വീതം നീക്കിവെച്ചിരിക്കുന്ന മുഖ്യമന്ത്രി, ഒരുദിവസം 3 യോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ ഒന്ന്, ഉച്ചക്ക് ശേഷം രണ്ട് എന്ന ക്രമത്തിലായിരിക്കും യോഗങ്ങളുടെ സംഘാടനം. ഓരോ മണ്ഡലങ്ങളിലും ഏതൊക്കെ സ്ഥലങ്ങളിലാണ് മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് അതാത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികളായിരിക്കും തീരുമാനിക്കുക.
യാക്കോബായ വിഭാഗത്തിന്റെ പരമാധ്യക്ഷന് പുത്തന്‍കുരിശില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ആ വിഭാഗത്തെ വലിയ തോതില്‍ വികാരം കൊളളിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുമായുളള സംവാദ പരിപാടിയില്‍ ഈരാറ്റുപേട്ട സംഭവം മുന്‍നിര്‍ത്തി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം മുസ്‌ളീം വിഭാഗത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സംഘടനാ ഭേദമില്ലാതെ മുസ്‌ളീം വിഭാഗത്തിലെ എല്ലാ സംഘടനകളും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ പൗരത്വ റാലിയിലും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പഴയ പരാമര്‍ശങ്ങളില്‍ അമര്‍ഷമുളള വിഭാഗങ്ങളെ അനുനയിപ്പാക്കാനുളള പ്രതികരണങ്ങള്‍ മുഖ്യമന്ത്രി നടത്തിയേക്കും.
ഈ മാസം 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് ഉണ്ടാവുക. ഏപ്രില്‍ ഒന്ന് വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10 – ആറ്റിങ്ങള്‍, 12 – ചാലക്കുടി, 15 – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22 – കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍.