ജി.സി.സി ഉച്ചകോടിയ്ക്കായി റിയാദ് ഒരുങ്ങി

റിയാദ്: ലോകം ഉറ്റുനോക്കുന്ന ജി.സി.സി ഉച്ചകോടിയ്ക്കായി റിയാദ് ഒരുങ്ങി. ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുള്ളതിനാല്‍ രാഷ്ട്രീയ ലോകം ഗൗരവത്തോടെയാണ് ഉച്ചകോടിയെ കാണുന്നത്.

റിയാദില്‍ അടുത്തമാസം അഞ്ചിന് ചേരുന്ന ജി.സി.സി ഉച്ചകോടിയിലേക്കായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശപ്രകാരം അംഗരാജ്യങ്ങളുടെ ഭരണാധിപന്‍മാരെ ക്ഷണിച്ചുതുടങ്ങിയതായി ജി.സി.സി സെക്രട്ടറി ജനറല്‍ നായെഫ് ഫലാഹ് അല്‍ ഹജ്റഫ് പറഞ്ഞു. ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ 2017 ജൂണില്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുള്ള ക്ഷണപത്രം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സ്വീകരിച്ചു.കോറോണ പ്രതിസന്ധിക്കിടയില്‍ ചേരുന്ന ഉച്ചകോടിയില്‍ അംഗ രാഷ്ട്രങ്ങളുടെ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് ഖത്തര്‍ അമീര്‍ അടക്കമുള്ളവര്‍ ജിസിസി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്