ജനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ മകളെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ കണ്ടെത്തി

റിയാദ്: 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചെന്ന് കരുതിയ മകളെ അമ്മ കണ്ടുമുട്ടിയതും ഡി.എന്‍.എ ടെസ്റ്റില്‍ മകളല്ലെന്ന് കണ്ടെത്തിയിട്ടും മകള്‍ക്കായി പൊരുതിയ അമ്മയുടെ കഥയാണ് സൗദിയില്‍ ഇപ്പോള്‍ വൈറല്‍.
സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ നടന്നത് സൗദിയിലെ തലസ്ഥാനമായ റിയാദിലാണ്.

കള്ളം പറഞ്ഞ് കുട്ടിയെ വൃദ്ധ തട്ടിയെടുക്കുന്നു
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി യുവതി മറ്റൊരു ജി.സി.സി രാജ്യത്തിലെ പൗരന്‍ വിവാഹം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒന്‍പതുമാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍ നിറഗര്‍ഭിണിയായ ഭാര്യയുടെ കാര്യങ്ങള്‍ നോക്കാനുള്ള ചുമതല അയല്‍വാസിയായ വൃദ്ധയെ ഭര്‍ത്താവ് ഏല്‍പിച്ചു. ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് പോകണമെന്നും വൃദ്ധയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം യുവതിയുടെ കാര്യങ്ങള്‍ വൃദ്ധ പ്രത്യേകം ശ്രദ്ധിക്കുകയും പ്രസവവേദന ആരംഭിച്ചതോടെ മെറ്റേണിറ്റി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ വെച്ച് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ടു ദിവസത്തിനു ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. രോഗം ബാധിച്ചതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കുന്നതിന് കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റില്‍ തുടര്‍ന്നു. കുഞ്ഞിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് വൃദ്ധയാണ് ആശുപത്രിയില്‍ പോയിരുന്നത്. ചികിത്സയിലിരിക്കെ മകള്‍ മരണപ്പെട്ടതായും ആശുപത്രിയധികൃതര്‍ തന്നെ മയ്യിത്ത് മറവു ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രണ്ടു ദിവസത്തിനു ശേഷം വൃദ്ധ യുവതിയെ അറിയിച്ചു.
നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുഞ്ഞിന്റെ പിതാവിനെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നീട് ഭാര്യയെയും കൂട്ടി അദ്ദേഹം സ്വന്തം രാജ്യത്തേക്ക് മടങ്ങി. അവിടെ സ്ഥിരതാമസമാക്കിയ ദമ്പതികള്‍ക്ക് ആണ്‍മക്കളും പെണ്‍മക്കളും പിറന്നു.

പെറ്റമ്മയുടെ ഉപബോധ മനസ്സ് മകളെ തിരിച്ചറിഞ്ഞു
ഇരുപതു വര്‍ഷത്തിനു ശേഷം റിയാദില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പെറ്റമ്മയ്ക്ക് ക്ഷണം ലഭിച്ചതാണ് മരണപ്പെട്ടെന്ന് കരുതിയ മകളെ തിരിച്ചുകിട്ടുന്നതിലേക്ക് നയിച്ച സംഭവികാസങ്ങളുടെ തുടക്കം. ഇവര്‍ ഒറ്റക്കാണ് വിവാഹത്തിനെത്തിയത്. വിവാഹം പൂര്‍ത്തിയായി സ്വദേശത്ത് തിരിച്ചെത്തിയെങ്കിലും മണവാട്ടിയോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ശക്തമായ മാനസിക അടുപ്പം തനിക്ക് അനുഭവപ്പെട്ടതായി അറിയിച്ചു. മണവാട്ടിയുടെ സമീപത്തേക്ക് വിശേഷിപ്പിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ താന്‍ ആകര്‍ഷിക്കപ്പെട്ടതായും ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഭര്‍ത്താവ് ആരാഞ്ഞെങ്കിലും കൃത്യമായി മറുപടി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ല.

മണവാട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള അന്വേഷണം
എന്നാല്‍ ഇതിനു ശേഷം മണവാട്ടിയുടെ കുടുംബത്തെ കുറിച്ച് യുവതി അന്വേഷണം ആരംഭിച്ചു. പിഞ്ചുകുഞ്ഞായിരിക്കെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയാണ് മണവാട്ടിയെന്നും പെണ്‍കുട്ടിയെ വൃദ്ധയായ സ്ത്രീ എടുത്തു വളര്‍ത്തുകയായിരുന്നെന്നും അന്വേഷണത്തിലൂടെ അറിയാന്‍ സാധിച്ചു. ഈ വൃദ്ധയെ കുറിച്ച അന്വേഷണം ഗര്‍ഭിണിയായിരിക്കെ തന്നെ പരിചരിച്ച പഴയ അയല്‍വാസിയിലേക്കാണ് എത്തിച്ചത്. ഇതോടെ കുഞ്ഞിന്റെ മാതൃത്വത്തെ കുറിച്ച് യുവതിയില്‍ സംശയമുണ്ടായി.

അന്വേഷണം വൃദ്ധയിലേക്ക്
വൃദ്ധയെ തേടിപ്പിടിച്ച് പഴയ കാര്യങ്ങളെല്ലാം വിശദീകരിക്കുകയും പെണ്‍കുട്ടിയോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശക്തമായ ഒരു വികാരം തനിക്കുള്ളതായും യുവതി വെളിപ്പെടുത്തി. ഇരുപതു വര്‍ഷം മുമ്പ് തന്റെ കുഞ്ഞ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതായി വൃദ്ധ കള്ളം പറയുകയും തന്നെ ചതിക്കുകയുമായിരുന്നെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ വാദങ്ങള്‍ വൃദ്ധ നിഷേധിച്ചു. ബന്ധുക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അഭയകേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ താന്‍ ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നെന്നും വൃദ്ധ വാദിച്ചു. എന്നാല്‍ ഇത് വിശ്വസിക്കാതിരുന്ന പെറ്റമ്മ വൃദ്ധക്കെതിരെ കേസ് നല്‍കി.
വിചാരണക്കിടെ എന്താണ് തെളിവെന്ന് ആരാഞ്ഞ ജഡ്ജിയോട് പെണ്‍കുട്ടി തന്റെ മകളാണെന്ന ശക്തമായ വികാരം തനിക്ക് അനുഭവപ്പെടുന്നത് മാത്രമാണ് തന്റെ പക്കലുള്ള തെളിവെന്ന് യുവതി മറുപടി നല്‍കി. പെണ്‍കുഞ്ഞിനെ എവിടെ നിന്നാണ് ലഭിച്ചതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അഭയകേന്ദ്രത്തില്‍ നിന്നാണ് ലഭിച്ചതെന്ന് വൃദ്ധയും മറുപടി നല്‍കി. ഇതനുസരിച്ച് അഭയകേന്ദ്രവുമായി കോടതി ബന്ധപ്പെടുകയും വൃദ്ധയുടെ വാദം ശരിയാണെന്ന് അഭയകേന്ദ്രം അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. ഇരുപതു വര്‍ഷം മുമ്പ് തുണിയില്‍ പൊതിഞ്ഞ് അഭയകേന്ദ്രത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും കുട്ടിയുടെ പരിചരണ ചുമതല തേടി വൃദ്ധ പിന്നീട് സമീപിക്കുകയും ഇവരുടെ അപേക്ഷ അഭയകേന്ദ്രം അംഗീകരിക്കുകയുമായിരുന്നെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു.


ഡി.എന്‍.എ ടെസ്റ്റില്‍ പെറ്റമ്മയുടെ വാദം തെറ്റി?
തുടര്‍ന്ന് കേസില്‍ നൂറു ശതമാനവും വ്യക്തത വരുത്തുന്നതിന്, യുവതി പ്രസവിച്ച മെറ്റേണിറ്റി ആശുപത്രിയുമായും കോടതി ആശയവിനിമയം നടത്തി. ഹിജ്റ 1402 ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്‌നിബാധയില്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം കത്തിപ്പോയതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. ഇതോടെ ഡി.എന്‍.എ പരിശോധന നടത്താന്‍ ജഡ്ജി ഉത്തരവിട്ടു. പെണ്‍കുട്ടിയും യുവതിയും തമ്മില്‍ രക്തബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്ന നെഗറ്റീവ് ഡി.എന്‍.എ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇതോടെ പെറ്റമ്മയുടെ പരാതി കോടതി തള്ളി.

പുനര്‍വിചാരണ വേണമെന്ന് പെറ്റമ്മ
പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന വികാരം വീണ്ടും ശക്തമായതോടെയാണ് ഡി.എന്‍.എ പരിശോധനാ ഫലം എതിരായിട്ടും കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് യുവതി തങ്ങളുടെ ഓഫീസിലെത്തിയതെന്ന് അഭിഭാഷകന്‍ അലി അല്‍അഖ്ലാ പറഞ്ഞു. സാമ്പിള്‍ സ്വീകരിക്കുന്നതിലോ സൂക്ഷിക്കുന്നതിലോ മനുഷ്യ ഇടപെടലുകളിലോ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ മൂലം ഡി.എന്‍.എ ഫലം തെറ്റാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കേസില്‍ പുനര്‍വിചാരണയ്ക്ക് പെറ്റമ്മ ആവശ്യപ്പെട്ടത്. ഇതോടെ അപ്പീല്‍ കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടു.

രൂപ സാദൃശ്യം തിരിച്ചറിയാനിടയാക്കി
പുനര്‍വിചാരണയില്‍ യുവതിയെയും വൃദ്ധയെയും കോടതി വിളിച്ചുവരുത്തി വിശദമായ വാദങ്ങള്‍ കേട്ടു. തനിക്ക് വേറെയും ആണ്‍മക്കളും പെണ്‍മക്കളുമുണ്ടെന്നും ഈ പെണ്‍കുട്ടിയുടെ മാതൃത്വം അവകാശപ്പെടുന്നതില്‍ തനിക്ക് വ്യക്തിപരമായ താല്‍പര്യങ്ങളൊന്നുമില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. മക്കളും മാതാപിതാക്കളും തമ്മിലെ രൂപസാദൃശ്യങ്ങളും മറ്റും പരിശോധിച്ച് കുടുംബബന്ധം സ്ഥിരീകരിക്കുന്ന വിദഗ്ധരുടെ സഹായം തേടണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം കോടതി സഹായം തേടിയ വിദഗ്ധര്‍ പെണ്‍കുട്ടിയുടെ യഥാര്‍ഥ കുടുംബം സ്ത്രീയുടെ കുടുംബമാണെന്ന് സ്ഥിരീകരിച്ചു.

ഒടുവില്‍ വൃദ്ധ സത്യം പറയുന്നു
ഇത് കേട്ട് വൃദ്ധ കോടതിയില്‍ മോഹാലസ്യപ്പെട്ടു വീണു. ബോധം വീണ്ടുകിട്ടിയ ഇവര്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി ശരിയാണെന്ന് എല്ലാവര്‍ക്കും മുന്നില്‍ സമ്മതിക്കുകയായിരുന്നു. മകള്‍ മരണപ്പെട്ടതായി ഇരുപതു വര്‍ഷം മുമ്പ് യുവതിയെ താന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കുഞ്ഞിനെ താന്‍ തന്നെയാണ് അഭയകേന്ദ്രത്തിനു മുന്നില്‍ ഉപേക്ഷിച്ചതെന്നും കുഞ്ഞിന്റെ സംരക്ഷണ ചുമതല തേടി താന്‍ പിന്നീട് അഭയകേന്ദ്രത്തെ സമീപിക്കുകയായിരുന്നെന്നും വൃദ്ധ വെളിപ്പെടുത്തി.

മക്കളെ വളര്‍ത്താനുള്ള അടങ്ങാത്ത അഭിനിവേശം
മക്കളെ വളര്‍ത്താനുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ് താനിത് ചെയ്തതെന്നും വൃദ്ധ പറഞ്ഞു. പെണ്‍കുട്ടിയെ താന്‍ നന്നായി വളര്‍ത്തി വലുതാക്കുകയും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിക്കുകയും എല്ലാം തികഞ്ഞ ഒരാളെ കണ്ടെത്തി വിവാഹം നടത്തിയതായും വൃദ്ധ ജഡ്ജിയെ അറിയിച്ചു.
ഇതോടെ മാതൃത്വം സ്ഥിരീകരിച്ച കോടതി വിധിയില്‍ സംതൃപ്തയാണെന്ന് പെറ്റമ്മ കോടതിയില്‍ അറിയിച്ചതായി അലി അല്‍അഖ്ലാ പറഞ്ഞു. കോടതി വൃദ്ധയ്ക്ക് മാപ്പു കൊടുത്തു.