യു.എ.ഇയില്‍ സ്ത്രീക്കും പുരുഷനും സ്വകാര്യ മേഖലയിലും തുല്യവേതനം

അബുദാബി: യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച് സ്ത്രീക്കും പുരുഷനും സ്വകാര്യ മേഖലയിലെ ജോലികള്‍ക്കും തുല്യവേതനത്തിന് ഉത്തരവ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഉത്തരവ് പുറത്തിറക്കിയത്. സെപ്തംബര്‍ 25 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ലിംഗസമത്വം ഉറപ്പാക്കുകയും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും വേതനവും എല്ലാവര്‍ക്കും ഉറപ്പാക്കി തുല്യനീതി സംരക്ഷിക്കുകയും ചെയ്യുക എന്ന ചരിത്ര പ്രധാനമായ ലക്ഷ്യമാണ് ഇതിലൂടെ യുഎഇ മുന്നോട്ടുവെക്കുന്നത്. ലിംഗനീതി ഉറപ്പാക്കുന്നതില്‍ ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലുമുള്ള മാനദണ്ഡങ്ങള്‍ പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രസവാനന്തര പരിചരണങ്ങള്‍ക്ക് ഭര്‍ത്താവിന് ശമ്പളത്തോടുകൂടിയ അഞ്ചുദിവസത്തെ ലീവ് സ്വകാര്യമേഖലയിലും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റില്‍ യുഎഇ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇപ്പോള്‍ നിരവധി സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.