ചിരിക്കുന്നതു കൊണ്ടുള്ള 6 ഗുണങ്ങള്‍

ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറുകൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും ചിരിക്കാത്തവര്‍ നിരവധി. എതിരെ നടന്നുവരുന്നവരോട്, ബസ്സിലോ ട്രെയിനിലോ അരികിലിരിക്കുന്നവരോട്, വഴിയോരക്കച്ചവടക്കാരോട്, റോഡരികിലെ യാചകരോട് അങ്ങനെ ഒരു ദിവസം എത്ര പേരോട് ചിരിക്കാന്‍ കഴിയുന്നോ അത്രയും നല്ലത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

ചിരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

  1. പ്രകൃതിദത്തമായ വേദന സംഹാരിയാണ് ചിരി : തലവേദന മൂലം തളര്‍ന്നിരിക്കുന്ന സമയത്ത് അടുത്ത ഫ്രണ്ടിനോടൊപ്പം തമാശകള്‍ പറഞ്ഞ് ചിരിച്ചിട്ടുണ്ടോ ? വേദന പമ്പ കടക്കും. ചിരി എന്‍ഡോര്‍ഫിന്‍സ് പുറപ്പെടുവിക്കുന്നതിനു സഹായിക്കും. സന്തോഷം നല്‍കുന്ന ഹോര്‍മോണാണിത്. എന്‍ഡോര്‍ഫിന്‍സ് വിശ്രമിക്കാനും ശാരീരിക-മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  2. സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു : സമ്മര്‍ദ്ദമുണ്ടാകുന്ന സമയത്ത് ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. കോര്‍ട്ടിസോളിന് ശരീരത്തിന്റെ പ്രതിരോധശക്തി കുറക്കാനും വിഷാദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാനും കഴിയും. ദിവസവും കുറച്ച് സമയം ചിരിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് പരിമിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  3. വിഷാദത്തെ ചെറുക്കുന്നു : ചിരി എപ്പോഴും മൂഡിനെ ഉയര്‍ത്തിനിര്‍ത്തുകയും വിഷാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. വളരെയധികം നര്‍മ്മശേഷിയുള്ളവര്‍ക്ക് സമ്മര്‍ദ്ദ സാഹചര്യങ്ങളെ തുടര്‍ന്നുള്ള വിഷാദമുണ്ടാകാന്‍ സാധ്യത കുറവാണ്.
  4. രക്തസമ്മര്‍ദ്ദത്തിനുള്ള പ്രതിവിധി : ചിരി കോര്‍ട്ടിസോളിന്റെ തോത് കുറക്കുക മാത്രമല്ല, കാര്‍ഡിയാക് മസിലുകള്‍ക്ക് വ്യായാമവും നല്‍കുന്നു. ഈ പ്രക്രിയ തുടക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെങ്കിലും ഇത് രക്തവാഹിനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം സന്തുലിതമായി നിര്‍ത്തുന്നു.
  5. ഹൃദയാരോഗ്യം ശക്തിപ്പെടുത്തുന്നു : ചിരിയെ തുടര്‍ന്ന് രക്തവാഹിനികള്‍ക്കകത്തെ പാളിയും രക്തയോട്ടം നിയന്ത്രിക്കുന്ന ഭാഗവുമായ എന്‍ഡോതെലിയം വലുതാകുന്നു. കൂടാതെ, ചിരിയോടൊപ്പമുള്ള ആഴത്തിലുള്ള ശ്വാസോഛ്വാസം രക്തത്തില്‍ ഓക്സിജന്റെ തോതും നിയന്ത്രിക്കുന്നു.
  6. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു : ചിരിക്കുന്ന സമയത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീറ്റാ-എന്‍ഡോര്‍ഫിനുകളും മറ്റു ഹോര്‍മോണുകളും ടി-സെല്ലുകളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഒരുതരം ലിംഫോസൈറ്റുകളാണിവ.