യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുന്നു


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രതിരോധത്തിലായ ഇടതു സര്‍ക്കാരിനെതിരേ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ യു.ഡി.എഫ്. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് സര്‍ക്കാരിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടമെന്നോണം സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാമാണു തീരുമാനം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നടക്കുന്ന മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ സെക്രട്ടേറിയേറ്റ് വളഞ്ഞു സമരം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാരിനെതിരെ പ്രാദേശിക തലങ്ങളില്‍ അടക്കം ശക്തമായ സമരം നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും. നേരത്തെ യു.ഡി.എഫ് യോഗം ചേരുന്നില്ലെന്ന ഷിബു ബേബിജോണിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണു തീരുമാനം.
നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തിലുണ്ടായ പൊതുവെയുള്ള വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്ന് ഒളിച്ചോടിയതാണ് നിയമസഭാ അനിശ്ചിതകാലത്തേക്ക് നിശ്ചയിച്ചതിലും നേരത്തെ പിരിയാന്‍ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കള്‍ വിലയിരുത്തി. ഘടകകക്ഷി പ്രതിനിധികളെല്ലാവരും യോഗത്തില്‍ പങ്കെടുത്തു.