കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയവരിലും വൈറസ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്; മുന്നറിയിപ്പുമായി ഗവേഷകര്‍

വാഷിംഗ്ടണ്‍: കൊറോണ പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ ഗവേഷകര്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കുന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ എത്തിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പി സിആര്‍ ടെസ്റ്റാണ് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സാമ്പിള്‍ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തിലുണ്ട്, സാമ്പിള്‍ ശേഖരിച്ചതിലെ കൃത്യത, സാമ്പിള്‍ ശേഖരിച്ചതിന് ശേഷം എത്ര സമയത്തിന് ശേഷമാണ് പരിശോധന നടത്തിയത് എന്നീ കാര്യങ്ങളൊക്കെ രോഗ നിര്‍ണയത്തെ സ്വാധീനിക്കും. നിരവധി കമ്പനികള്‍ ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങള്‍ ഉള്ളവയാണ്. നിരവധി കാരണങ്ങളാല്‍ പരിശോധനാ ഫലത്തില്‍ ഒരു ശതമാനം തെറ്റായ റിസള്‍ട്ട് വരാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ ഒറ്റപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയെന്നത് ശ്രമകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. പരിശോധനയില്‍ നെഗറ്റീവ് കാണിച്ചയാളെ പെട്ടെന്ന് സമൂഹത്തിലേക്ക് സാധാരണ രീതിയില്‍ ഇടപഴകാന്‍ അനുവദിക്കരുത്. ഇത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാകുമെന്നും ഇവര്‍ പറയുന്നു.